ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. 3 കിലോ ബീഫ് ആയിരുന്നെങ്കില്‍ മോദി കണ്ടെത്തുമായിരുന്നുവെന്നും എന്നാല്‍ 350 കിലോ ആര്‍.ഡി.എക്‌സ് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും ദല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാറൂണ്‍ യൂസഫ് ട്വീറ്റ് ചെയ്തു.
#ModiFailsNationalSecurity(sic) എന്ന ഹാഷ്ടാഗോട് കൂടിയാണ് ഹാറൂണ്‍ യൂസഫിന്റെ ട്വീറ്റ്.
കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദമാക്കി കൊണ്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട് ട്വീറ്റ് നിരുത്തരവാദപരവും ആക്ഷേപകരവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍ ഹാറൂണ്‍ യൂസഫ് തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്നു. താന്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യമെന്നും നിങ്ങള്‍ക്ക് നിഷേധിക്കാനാവുമോയെന്നും ഹാറൂണ്‍ യൂസഫ് ബി.ജെ.പിയോട് ചോദിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ആളുകളെ അടിച്ചുകൊല്ലാമെന്നും 350 കിലോ ആര്‍.ഡി.എക്‌സ് പിടിക്കാന്‍ കഴിയില്ലേയെന്നും ഹാറൂണ്‍ യൂസഫ് ചോദിച്ചു.
പുല്‍വാമ ആക്രമണം പ്രതിരോധിക്കുന്നതില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും വീഴ്ച സംഭവിച്ചുവെന്നും ആക്രമണം രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു.