| Friday, 24th May 2013, 2:18 pm

കൊച്ചി മെട്രോ ട്രെയിന് മൂന്നു കോച്ചുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കൊച്ചി മെട്രോയില്‍ മൂന്ന് കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ആയിരം പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. കെ.എം.ആര്‍.എല്ലിന്റെ പന്ത്രണ്ടാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

മണിക്കൂറില്‍ 34 കിലോ മീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗത. 90 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും ഇവ. []

കൊച്ചിയില്‍ ചേര്‍ന്ന മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ ഒരോ അഞ്ച് മിനിറ്റിലും സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തും. ഹഡ്‌കോ, ജൈക്ക ഏജന്‍സികളെ ഫണ്ടിനായി സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.

ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിക്കു (ജൈക്ക),പുറമെ മറ്റ് ഏജന്‍സികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ തുടരും.

പദ്ധതിയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളെയും കെ.എം.ആര്‍.എല്‍. സമീപിച്ചിട്ടുണ്ട്.

ഡി.എം.ആര്‍.സിയുമായി നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് നടന്നത്. പദ്ധതി പൂര്‍ത്തിയാക്കേണ്ട സമയപരിധി, കമ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യ്തു.

കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ കെ.എം.ആര്‍.എല്ലും ഡി.എം.ആര്‍സിയും വ്യാഴാഴ്ച ഒപ്പുവെച്ചിരുന്നു. 5,181 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

നാല് വര്‍ഷത്തിനകം മെട്രോ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് അധികൃതര്‍ കൊച്ചിക്ക് നല്‍കുന്ന ഉറപ്പ്.

We use cookies to give you the best possible experience. Learn more