| Sunday, 7th June 2026, 9:01 pm

പിസ വിതരണം ചെയ്യാന്‍ പോയ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു: യു.എസിലേക്ക് മക്കളെ അയക്കരുതെന്ന് സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിലാഡല്‍ഫിയ: യു.എസിലെ ഫിലാഡല്‍ഫിയയില്‍ 28 വയസുള്ള ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയോടെയായിരുന്നു യുവാവ് കൊല്ലപ്പെട്ടത്.

തെലങ്കാന സ്വദേശിയായ കുഞ്ചാ അന്‍ശുലാന് കൊല്ലപ്പെട്ടത്. പിസ ഡെലിവറിക്കായി ഒരു ഹൗസിങ് കോംപ്ലക്‌സിലെത്തിയപ്പോള്‍ അജ്ഞാതര്‍ അന്‍ശുലിനെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് പെനിസില്‍വാനിയ സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ പിസ ഡെലിവറിക്കായി ഓര്‍ഡര്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഒരു ഒഴിഞ്ഞ പാര്‍പ്പിട സമുച്ചയത്തിനടുത്ത് അന്‍ശുല്‍ എത്തിപ്പെടുകയായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വടക്കന്‍ ഫിലാഡല്‍ഫിയയില്‍ കുറ്റകൃത്യ നിരക്ക് കൂടുതലുള്ള ഒരു പ്രദേശത്ത് വെച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അന്‍ശുല്‍ അധിക വരുമാനത്തിനായാണ് വാരാന്ത്യങ്ങളില്‍ പിസ ഡെലിവറി ജോലി ചെയ്യുന്നത്. സമീപത്ത് നിന്നാണ് അദ്ദേഹത്തിന്റെ തലക്ക് വെടിയേറ്റതെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഹൈദരബാദിന് സമീപം ഗുണ്ട്‌ലപോച്ചാംപള്ളി സ്വദേശിയാണ് അന്‍ശുല്‍. നാല് വര്‍ഷമായി യു.എസിലാണ് അന്‍ശുലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

പിസ ഡെലിവറിക്കായി ലഭിച്ച ഓര്‍ഡര്‍ തന്റെ സഹോദരനെ കൊല്ലാനുള്ള കെണിയാണെന്ന് സംശയിക്കുന്നതായി അന്‍ശുലിന്റെ സഹോദരി താന്‍വി പറഞ്ഞു. ഗുണ്ട്‌ലപോച്ചാംപള്ളിയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘അവന് ആ ആളില്ലാത്ത പ്രദേശത്ത് പിസ എത്തിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. പക്ഷേ പിന്നീടാണ് അറിഞ്ഞത് അത് ഒരു വഞ്ചന ആയിരുന്നെന്ന്. എന്റ സഹോദരനെ കൊന്നത് കൊണ്ട് അവര്‍ക്ക് എന്ത് നേട്ടമാണുള്ളത്,’ താന്‍വി പറഞ്ഞു.

അന്‍ശുലിന് യു.എസില്‍ പോവേണ്ട കാര്യമില്ലായിരുന്നെന്നും എന്നാല്‍ വീട്ടുകാര്‍ പറഞ്ഞുവിട്ടതുകൊണ്ട് പോവേണ്ടി വന്നതാണെന്നും താന്‍വി പറഞ്ഞു. താത്പര്യമില്ലാതിരുന്നിട്ടും അന്‍ശുലിന് യു.എസിലേക്ക് പോകേണ്ടി വന്നതായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ കുട്ടികളെ യു.എസിലേക്ക് പറഞ്ഞയക്കരുതെന്നും അവര്‍ പറഞ്ഞു. സഹോദരന്റെ മൃതദേഹം കഴിയുന്നത്ര നേരത്തെ നാട്ടിലെത്തിക്കാന്‍ അപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Content Highlight: 28-year-old Indian man from Telangana shot dead in Philadelphia, US

Latest Stories

We use cookies to give you the best possible experience. Learn more