| Sunday, 16th June 2019, 11:59 am

പാര്‍ലെ-ജി ഫാക്ടറിയില്‍ നിന്ന് ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി; ജോലി ചെയ്തിരുന്ന കുട്ടികളുടെ പ്രായം 12 മുതല്‍ 16 വരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: പാര്‍ലെ-ജിയുടെ ഛത്തീസ്ഗഢിലെ ബിസ്‌കറ്റ് നിര്‍മാണ യൂണിറ്റില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ്പുരിലെ യൂണിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്.

വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടാണ് ജില്ലാ ബാലാവകാശ ഉദ്യോഗസ്ഥനായ നവ്‌നീത് സ്വര്‍ണാകര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റായ്പുരിലെ അമസിവ്‌നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് (ബി.ബി.എ) ലഭിച്ചതോടെയാണ് സേന ഈ നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു ഇത്.

രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ.

ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തില്‍ നിന്നുണ്ടായ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ-ജി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് ബി.ബി.എ സി.ഇ.ഒ സമീര്‍ മാഥുര്‍ പറഞ്ഞു.

കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ജൂണ്‍ 12-ാം തീയതി ബാലവേലക്കെതിരായ അന്താരാഷ്ട്ര ദിനമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ബി.എ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും പ്രാദേശിക സംഘടനകള്‍ക്കും ഒപ്പം ഇത്തരം രക്ഷാദൗത്യങ്ങള്‍ നടത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more