ഖുര്‍ആന്‍ സുന്നത്ത് സൊസസൈറ്റിയുടെ രൂപീകരണത്തിലൂടെ, കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ ഇസ്ലാമിക വ്യാഖ്യാനത്തിന്റെ വേറിട്ട വഴികളെ അവതരിപ്പിച്ച ചേകന്നൂര്‍ പി.കെ അബ്ദുല്‍ ഹസ്സന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയെ കാണാതായിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു.
കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും കേസിലെ പ്രതികളെ കൃത്യമായി പിടികൂടി ശിക്ഷിക്കാനോ നീതി നടപ്പിലാക്കാനോ സാധിച്ചിട്ടില്ല. സി.ബി.ഐ കേസ് ഏറ്റെടുത്തതിന് ശേഷം പ്രതികളാക്കപ്പെട്ട ഒന്‍പത് പ്രതികളില്‍ ഒരാളെ മാത്രമാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. തെളിവില്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ വെറുതെ വിടുകയായിരുന്നു. വിധിയ്‌ക്കെതിരെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും നടപടി വൈകുകയാണ്.
1993 ജൂലൈ29ന് രാത്രിയായിരുന്നു എടപ്പാള്‍ കാവില്‍പ്പടിയിലെ വീട്ടില്‍നിന്നും മത പ്രഭാഷണത്തിനെന്നു പറഞ്ഞ് ചേകന്നൂരിനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു പോകുന്നത്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. പിന്നീട് ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മയും അമ്മാവന്‍ സാലിം ഹാജിയും പൊന്നാനി പൊലീസില്‍ പരാതി നല്‍കി. കേസ് പിന്നീട് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും ഏറ്റെടുത്തു.
രണ്ടുപേര്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോവുകയും കക്കാട്ട് നിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി ശ്വാസം മുട്ടിച്ച് കൊന്നെന്നുമാണ് കണ്ടെത്തല്‍. പുളിക്കല്‍ ചുവന്ന കുന്നിനടുത്തുള്ള ആന്തിയൂര്‍ കുന്നില്‍ മൃതദേഹം കുഴിച്ചിട്ടെന്നും അതു പിന്നീട് മാറ്റിയെന്നും കണ്ടെത്തിയിരുന്നു.
കേസിന്റെ വിചാരണവേളയില്‍ 36 സാക്ഷികളില്‍ ഭാര്യ ഹവ്വ ഉമ്മയും ജോലിക്കാരന്‍ ജബ്ബാറുമൊഴികെ മറ്റെല്ലാവരും മൊഴിമാറ്റി.
കാന്തപുരം അബൂബക്കര്‍ മുസലിയാരുമായി ബന്ധമുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2005 കാന്തപുരത്തെ പത്താം പ്രതിയാക്കി കേസില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കാന്തപുരത്തിനെതിരെ യാതൊരു തെളിവും കണ്ടെത്താത്ത സാഹചര്യത്തില്‍ കാന്തപുരം കേസില്‍ പ്രതിയല്ലെന്ന കണ്ടെത്തല്‍ 2010ല്‍ കോടതി അംഗീകരിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരം ഇസ്‌ലാമിയ കോളജ്, മുജാഹിദ് വിഭാഗത്തിന്റെ എടവണ്ണയിലുള്ള ജാമിഅ: നദ്വിയ്യ എന്നിവിടങ്ങളില്‍ ചേകന്നൂര്‍ അധ്യാപകനായി ജോലി നോക്കിയെങ്കിലും കാഴ്ച്ചപ്പാടുകളില്‍ വ്യത്യസ്തത പുലര്‍ത്തിയതിനാല്‍ നിര്‍ത്തിപ്പോരുകയായിരുന്നു.
പിന്നീട് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും സ്വന്തം രീതിയില്‍ ആശയപ്രചരണം നടത്തുകയുമായിരുന്നു. മതത്തെ വ്യത്യസ്ത വീക്ഷണകോണിലൂടെ വിശദീകരിച്ചതിന്റെ പേരിലാണ് ചേകന്നൂരിന് ശത്രുത നേരിടേണ്ടി വന്നത്. കൊലപാതകത്തിന് കാരണമായതും അദ്ദേഹത്തിന്റെ ആശയങ്ങളെ നേരിടാന്‍ സാധിക്കാത്തതിനാലാണെന്ന് കണ്ടെത്തിയിരുന്നു.