| Saturday, 15th March 2025, 3:34 pm

യു.പിയില്‍ റമദാന്‍ അത്താഴം കാത്തുനില്‍ക്കുന്നതിനിടെ 25കാരനെ നാലംഗസംഘം വെടിവെച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റമദാന്‍ അത്താഴ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ 25കാരനായ യുവാവിനെ നാലംഗസംഘം വെടിവെച്ച് കൊലപ്പെടുത്തി. ബൈക്കിലെത്തിയാണ് പ്രതികള്‍ യുവാവിന് നേരെ വെടിയുതിര്‍ത്തത്. റോറാവറിലെ തെലിപാഡയിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അത്താഴത്തിനുള്ള ഭക്ഷണം വാങ്ങുന്നതിനായി കാത്തുനില്‍ക്കവേയാണ് യുവാവ് ആക്രമിക്കപ്പെട്ടത്. റോറാവര്‍ സ്വദേശിയായ ഹാരിസ് എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റതിനെ തുടര്‍ന്ന് ഹാരിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവസമയത്ത് ഹാരിസിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുവായ ഒരു യുവാവ് കൂടിയുണ്ടായിരുന്നു. അക്രമികള്‍ വെടിയുതിര്‍ത്തതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മായങ്ക് പഥക് പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പ്രതികരിച്ചു.

വാക്കുതര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംശയിക്കപ്പെടുന്ന ഒരാളുടെ കുടുംബത്തെ ചോദ്യം ചെയ്തുവെന്നും സമഗ്രമായ അന്വേഷണം ഉണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

എന്നാല്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തൂവാലകൊണ്ട് മുഖം മറച്ചെത്തിയാണ് പ്രതികള്‍ യുവാവിനെ ആക്രമിച്ചത്. യുവാവിന് നേരെ അഞ്ച് തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

Content Highlight: 25-year-old man shot dead by four-member gang while waiting for Ramadan dinner in UP

We use cookies to give you the best possible experience. Learn more