| Tuesday, 12th May 2026, 2:24 pm

ട്രംപിനെതിരായ വധശ്രമങ്ങള്‍ വെറും 'നാടകം': വിശ്വസിക്കാതെ നാലിലൊന്ന് അമേരിക്കക്കാര്‍; സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യു.എസിലെ നാലിലൊരു വിഭാഗം പേരും വിശ്വസിക്കുന്നതായി സര്‍വേ ഫലങ്ങള്‍.

ന്യൂസ് ഗാര്‍ഡും യൂഗോവും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഏപ്രിലില്‍ വാഷിങടണില്‍ നടന്ന വൈറ്റ് ഹൗസ് ലേഖകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പ് ഒരു ‘അരങ്ങേറിയ നാടകം’ മാത്രമാണെന്ന് 24% അമേരിക്കക്കാരും വിശ്വസിക്കുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ അമേരിക്കയിലെ ആയിരത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

ഏപ്രിലില്‍ വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പ് വ്യാജമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 24% പേര്‍ വിശ്വസിക്കുന്നു. 45% പേര്‍ ഇത് യഥാര്‍ത്ഥമാണെന്ന് കരുതുമ്പോള്‍, 32% പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയില്ല.

പെന്‍സില്‍വാനിയയിലെ ബട്‌ലര്‍ റാലിയില്‍ ജൂലൈയില്‍ നടന്ന വധശ്രമവും വ്യാജമാണെന്ന് 24% പേര്‍ വിശ്വസിക്കുന്നു. 29% പേര്‍ക്ക് അതില്‍ അഭിപ്രായമില്ല.

ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന വധശ്രമവും വ്യാജമാണെന്ന് 16% പേര്‍ കരുതുന്നു. മൊത്തത്തില്‍, സര്‍വേയില്‍ പങ്കെടുത്തവരില്‍ 30% പേരും ട്രംപിനെതിരെ നടന്ന മൂന്ന് സംഭവങ്ങളില്‍ ഒന്നെങ്കിലും കെട്ടിച്ചമച്ചതാണെന്ന പക്ഷക്കാരാണ്.

ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളും ഡെമോക്രാറ്റുകളുമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

18-29 വയസ്സിനിടയിലുള്ളവരാണ് ഈ സംഭവങ്ങള്‍ നാടകമാണെന്ന് വിശ്വസിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍.

മാധ്യമപ്രവര്‍ത്തകരുടെ വിരുന്നിനിടെയുണ്ടായ വധശ്രമം വ്യാജമാണെന്ന് 21% ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നു. ഇത് റിപ്പബ്ലിക്കന്‍മാരേക്കാള്‍ (13%) കൂടുതലാണ്. എന്നാല്‍ ബട്‌ലര്‍ സംഭവത്തില്‍ 42% ഡെമോക്രാറ്റുകളും ഇത് നാടകമാണെന്ന് വിശ്വസിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍മാരില്‍ ഇത് വെറും ഏഴ് ശതമാനം മാത്രമാണ്.

സര്‍ക്കാരിനോടും മാധ്യമങ്ങളോടും പൊതുജനത്തിനുള്ള വര്‍ദ്ധിച്ചുവരുന്ന സംശയമാണ് ഈ കണ്ടെത്തലുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ന്യൂസ് ഗാര്‍ഡിലെ എഡിറ്ററായ സോഫിയ റൂബിന്‍സണ്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ആളുകള്‍ വേഗത്തില്‍ വിശ്വസിക്കുന്നു. അത്താഴവിരുന്നിലെ സംഭവത്തിന് ശേഷം എക്സില്‍ പ്രചരിച്ച തെറ്റായ അവകാശവാദങ്ങള്‍ 90 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

എന്നാല്‍ ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ‘പ്രസിഡന്റ് ട്രംപ് സ്വന്തം വധശ്രമങ്ങള്‍ ആസൂത്രണം ചെയ്തു എന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്’ എന്നാണ് വക്താവ് ഡേവിസ് ഇംഗിള്‍ പ്രതികരിച്ചത്. തനിക്കെതിരായ അക്രമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറയുന്നവര്‍ ‘രോഗികളാണെന്ന്’ ട്രംപും മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാഷിങ്ടണിലെ സംഭവത്തില്‍ കോള്‍ തോമസ് അല്ലന്‍ എന്നയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ നാല് കുറ്റങ്ങള്‍ ചുമത്തി ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി അന്വേഷണം നടത്തിവരികയാണ്.

സുരക്ഷാ പരാജയങ്ങളെക്കുറിച്ച് സെനറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും, ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: 24% of Americans believe White House correspondents’ dinner shooting was staged: Poll

We use cookies to give you the best possible experience. Learn more