| Friday, 28th August 2026, 11:19 pm

സുകുമാരക്കുറുപ്പ് എന്ന എസ്.കെ: 24 ന്യൂസിലെ ഹാഷ്മിക്കും ശ്രീകണ്ഠൻ നായർക്കും ട്രോൾ മഴ

കെ.എസ് ഷാബിന

കോഴിക്കോട്: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന തരത്തിൽ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് 24 ന്യൂസ് ചാനലിനും മുതിർന്ന മാധ്യമപ്രവർത്തകരായ ശ്രീകണ്ഠൻ നായർ, ഹാഷ്മി താജ് ഇബ്രാഹിം എന്നിവർക്കും എതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രചാരണം. ചാനൽ പുറത്തുവിട്ട  ഫോട്ടോയിലുള്ളത് സുകുമാരക്കുറുപ്പ് അല്ലെന്ന് പറഞ്ഞുകൊണ്ട് ഫോട്ടോയിലുള്ള യഥാർത്ഥ വ്യക്തിയുടെ ബന്ധുക്കൾ രംഗത്ത് വന്നതോടെയാണ് ട്രോളുകൾ ശക്തമായത്.

സുകുമാരക്കുറുപ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കാമെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചെന്നും വ്യാഴാഴ്ച ഒരു മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ, കുറുപ്പ് മരിച്ചിട്ടില്ലെന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്നും അവകാശപ്പെട്ട് 24 ന്യൂസ് രംഗത്തെത്തി. തങ്ങളുടെ അന്വേഷണസംഘം സാഹസികമായി കണ്ടെത്തിയതാണെന്ന വാദത്തോടെ കുറുപ്പിന്റേതെന്ന പേരിൽ ഒരാളുടെ ചിത്രവും ചാനൽ പുറത്തുവിട്ടിരുന്നു.

എന്നാൽ, സുകുമാരകുറുപ്പിന്റേതായി പ്രചരിച്ച ചിത്രം തൃശൂർ സ്വദേശി ദാമോധരമേന്റെതാണെന്ന് പറഞ്ഞുകൊണ്ട് സഹോദരൻ രംഗത്ത് വന്നിരുന്നു. കുരുമത്ര സ്വദേശിയായ ഇദ്ദേഹം വര്ഷങ്ങളായി ബ്രൂണോയിൽ ആണ് താമസിക്കുന്നതെന്നും ദാമോദര മേനോന്റെ ബന്ധുക്കൾ അറിയിച്ചു. പേരുമാറ്റി ബ്രൂണോയിലെ ഇന്ത്യൻ സമൂഹവുമായി അകലം പാലിച്ചു ഒറ്റപ്പെട്ടാണ് ഇയാൾ താമസിക്കുന്നത് എന്നായിരുന്നു മാധ്യമ വാർത്ത.
ബന്ധുക്കൾ രംഗത്ത് വന്നതോടെ വാർത്ത നൽകിയ 24 ന്യൂസ് വെട്ടിലായിരിക്കുകയാണ്.

ചിത്രം വ്യാജമാണെന്ന് തെളിഞ്ഞതോടെ, ശ്രീകണ്ഠൻ നായരെയും(എസ്.കെ.എൻ) ഹാഷ്മിയെയും ലക്ഷ്യമിട്ട് എ.ഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. സുകുമാരക്കുറുപ്പിന്റെ ചുരുക്കെഴുത്തായ ‘എസ്.കെ യും ശ്രീകണ്ഠൻ നായരുടെ ‘എസ്.കെ.എൻ’ഉം കൂട്ടിച്ചേർത്ത് ശ്രീകണ്ഠൻ നായരാണ് യഥാർത്ഥ കുറുപ്പെന്ന രീതിയിലുള്ള തമാശ വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഫിറോസ് തിരുവത്ര എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ആണ് എ.ഐ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ സുകുമാരക്കുറുപ്പിന്റെ പേരിൽ പുതിയ പ്രൊഫൈലുകൾ പ്രത്യക്ഷപ്പെടുകയും, ദുൽഖർ സൽമാന് പകരം യഥാർത്ഥ കുറുപ്പ് അഭിനയിക്കുന്ന ‘കുറുപ്പ്-2’ എന്ന പേരിലുള്ള എ.ഐ പോസ്റ്ററുകൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

തെറ്റായ വാർത്ത പ്രചരിച്ചതിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് വിദഗ്ധ അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

Content Highlight: 24 News Journalists Face Social Media Backlash Over Fake Sukumara Kurup Claim

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more