ഇസ്‌ലാമാബാദ്: ശനിയാഴ്ച രാത്രി പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 58 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന താലിബാന്റെ വാദം തള്ളി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി.
23 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് നഖ്‌വി സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ 200ലേറെ താലിബാന്‍ സൈനികരെയും തീവ്രവാദികളെയും കൊലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 19 അഫ്ഗാന്‍ ബോര്‍ഡര്‍ പോസ്റ്റുകള്‍ പിടിച്ചെടുത്തെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു.
അതേസമയം, വ്യാഴാഴ്ച കാബൂളിലടക്കം പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ ആരോപണത്തോട് നഖ്‌വി പ്രതികരിച്ചില്ല.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. തിരിച്ചടി ആരംഭിച്ചതോടെ അഫ്ഗാന്റെ വിവിധയിടങ്ങളില്‍ വെടിവെപ്പുണ്ടായി. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ അന്‍ഗൂര്‍, അഡ്ഡ,ബജൗര്‍, ദിര്‍, ചിത്രല്‍ എന്നിവിടങ്ങളിലും ബലോചിസ്ഥാനിലെ ബഹ്‌റം ഝായിലും വെടിവെപ്പുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, കാബൂളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതിന് മറുപടിയായാണ് അഫ്ഗാനിസ്ഥാന്‍ പാക് അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തിയതെന്ന് താലിബാന്‍ വക്താവ് സബീനുല്ല മുജാഹിദ് പ്രതികരിച്ചിരുന്നു.
58 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്നും 30ഓളം പേരെ പരിക്കേല്‍പ്പിച്ചുവെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് പറഞ്ഞിരുന്നു. പാക് സൈന്യത്തിന്റെ പല ആയുധങ്ങളും കൈക്കലാക്കിയെന്നും 20 പാകിസ്ഥാനി സെക്യൂരിറ്റി പോസ്റ്റുകള്‍ തകര്‍ത്തെന്നുമായിരുന്നു മുജാഹിദിന്റെ അവകാശവാദം.
അതേസമയം, കഴിഞ്ഞരാത്രി അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ നേടിയെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ഖാന്‍ മുത്തഖി പ്രതികരിച്ചു.
താത്കാലികമായി അഫ്ഗാനിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അഫ്ഗാന്റെ സുഹൃത്തുക്കളായ ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇന്ത്യയില്‍ സന്ദര്‍ശനം തുടരുന്ന മുത്തഖി എ.എന്‍.ഐയോട് പ്രതികരിച്ചു.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. അവിടുത്തെ സാധാരണക്കാരോട് അഫ്ഗാനിസ്ഥാന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും മുത്തഖി പറഞ്ഞു.
പാകിസ്ഥാന് നല്ല ബന്ധവും സമാധാനവും വേണ്ട എന്നാണെങ്കില്‍ അഫ്ഗാനും മറ്റൊരു വഴിയുമില്ലെന്നും മുത്തഖി ഞായറാഴ്ച പ്രതികരിച്ചു. അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്.
Content Highlight: 23 Pakistani soldiers killed; over 200 Taliban killed in retaliation: Pakistan