റിയാദ്: സൗദി അറേബ്യയിലെ അല്‍ ഹദ പ്രദേശത്തെ ഗ്രീന്‍ മൗണ്ടെയ്ന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അപകടം. ചുരുങ്ങിയത് 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമ്യൂസ്‌മെന്റ് പാര്‍ക്കിലെ 360ബിഗ് പെന്‍ഡുലം എന്ന റൈഡാണ് അപകടത്തില്‍പ്പെട്ടത്. റൈഡില്‍ ആളുകള്‍ ഇരിക്കുന്ന ഭാഗം ഉയരത്തില്‍ നിന്നും പൊട്ടി താഴെ വീഴുകയായിരുന്നു.
സൗദിയുടെ ഔദ്യോഗിക ന്യൂസ് ഔട്ട്‌ലെറ്റായ അറബ് ന്യൂസിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് പ്രദേശത്തെ ഗവര്‍ണര്‍ കൂടിയായ പ്രിന്‍സ് സൗദ് ബിന്‍ നഹര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉടനടി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘റൈഡ് അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പ് ചില ശബ്ദങ്ങള്‍ കേട്ടിരുന്നു’ അപകടസമയത്ത് അവിടെയുണ്ടായിരുന്ന അബ്ദുള്‍-ഇലാഹ് അല്‍-ഷംരാനി എന്നയാളെ ഉദ്ധരിച്ച് അറബിക് മാധ്യമമായ മോജസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് തൊട്ടുപിന്നാലെ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒകാസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അപകടത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് വിലയിരുത്താന്‍ ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളനുസരിച്ച് രാജ്യത്തെ എല്ലാ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഓരോ മാസവും പരിശോധനയ്ക്ക് വിധേയരാകണം. ചട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയാല്‍ 50,000 റിയാല്‍ വരെ പിഴയൊടുക്കേണ്ടി വന്നേക്കും. പാര്‍ക്കിന്റെ ലൈസന്‍സും റദ്ദ് ചെയ്യപ്പെടും.
Content Highlight: 23 injured as amusement park ride accident in Saudi Arabia