| Saturday, 22nd November 2025, 9:29 pm

ഗവായ് ചീഫ് ജസ്റ്റിസായിരിക്കെ ഹൈക്കോടതികളില്‍ നിയമനം ലഭിച്ചത് 21 പിന്നോക്കക്കാര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ആര്‍. ഗവായ് ചീഫ് ജസ്റ്റിസായിരിക്കെ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി നിയമനം ലഭിച്ചത് 21 പിന്നോക്കക്കാര്‍ക്ക്. പത്ത് പട്ടികജാതി വിഭാഗക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള പതിനൊന്ന് പേര്‍ക്കുമാണ് ഇക്കാലയളവില്‍ നിയമനം ലഭിച്ചത്.

സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഡാറ്റകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഗവായ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ആറ് മാസക്കാലം, സുപ്രീം കോടതിയിലെ മൂന്നംഗബെഞ്ച് 129 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തത്.

ഇതില്‍ 93 പേർ അംഗീകരിക്കപ്പെട്ടു. സുപ്രീം കോടതി ജസ്റ്റിസുമാരായ എന്‍.വി. അഞ്ജരിയ, വിജയ് ബിഷ്‌ണോയ്, എ.എസ്. ചന്ദൂര്‍ക്കര്‍, അലോക് ആരധെ, വിപുല്‍ മനുഭായ് പഞ്ചോളി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നവരാണ്.

മാത്രമല്ല, അംഗീകരിക്കപ്പെട്ട 93 പേരില്‍ 13 പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. 15 പേര്‍ വനിതകളുമാണ്. ഇതില്‍ അഞ്ച് പേര്‍ മുന്‍ ജഡ്ജിമാരും സര്‍വീസിലുള്ള ജഡ്ജിമാരുമാണ്. 49 പേര്‍ ബാറില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ സര്‍വീസ് കേഡറില്‍ നിന്നുള്ളവരാണ്.

അതേസമയം ബി.ആര്‍. ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് നവംബര്‍ 23ന് വിരമിക്കും. തുടര്‍ന്ന് ജസ്റ്റിസ് സൂര്യകാന്ത് നവംബര്‍ 24ന് അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് (ശനി, നവംബര്‍ 22) ബി.ആര്‍. ഗവായ്‌യുടെ അവസാന പ്രവൃത്തി ദിനം കൂടിയായിരുന്നു.

മെയ് 14നാണ് രാജ്യത്തിന്റെ 52-ാം ചീഫ് ജസ്റ്റിസായി ഗവായ് ചുമതലയേറ്റത്. ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസായ രണ്ടാമത്തെ വ്യക്തിയായ ഗവായ്, ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസുമാണ്.

1985 മാര്‍ച്ചിലാണ് അദ്ദേഹം തന്റെ അഭിഭാഷകവൃത്തി ആരംഭിച്ചത്. 2005 നവംബറില്‍ ബോംബെ ഹൈകോടതിയിലെ സ്ഥിരം ജഡ്ജായി. 2019ല്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു.

Content Highlight: 21 backward classes were appointed to high courts during the tenure of Chief Justice B.R. Gavai

We use cookies to give you the best possible experience. Learn more