| Wednesday, 10th September 2025, 8:25 am

ബ്രസീലും തോറ്റു അര്‍ജന്റീനയും തോറ്റു; ലാറ്റിനമേരിക്കയില്‍ കാലിടറി കരുത്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍വിയേറ്റുവാങ്ങി ബ്രസീലും അര്‍ജന്റീയും. ഇരുവരും എതിരില്ലാത്ത ഓരു ഗോളിനാണ് പരാജയപ്പെട്ടത്. അര്‍ജന്റീന ഇക്വഡോറിനോട് പരാജയപ്പെട്ടപ്പോള്‍ ബൊളീവിയയോടായിരുന്നു കാനറികളുടെ പരാജയം.

എസ്റ്റാഡിയോ മോണുമെന്റലിലായിരുന്നു ഇക്വഡോര്‍ – അര്‍ജന്റീന മത്സരം. മെസിയില്ലാത്ത മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടീനസിനെ മുന്‍നിര്‍ത്തിയാണ് ലയണല്‍ സ്‌കലോണി ആക്രമണത്തിന് കോപ്പുകൂട്ടിയത്. അര്‍ജന്റീന 4-2-3-1 ഫോര്‍മേഷനില്‍ കളത്തിലിറങ്ങിയപ്പോള്‍ 4-4-1-1 എന്ന രീതിയാണ് ഇക്വഡോര്‍ അവലംബിച്ചത്.

മത്സരത്തില്‍ കൊണ്ടും കൊടുത്തും ഇരുവരും മുന്നേറി. മത്സരത്തിന്റെ 31ാം മിനിട്ടില്‍ സൂപ്പര്‍ താരം നിക്കോളാസ് ഓട്ടമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ആല്‍ബിസെലസ്റ്റിന് തിരിച്ചടിയായി. പത്ത് പേരുമായി ചുരുങ്ങിയതോടെ സമ്മര്‍ദത്തിലായ അര്‍ജന്റീനയെ വീണ്ടും ബാക്ക്ഫൂട്ടിലേക്കിറക്കി ഇക്വഡോര്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്തി.

ആദ്യ പകുതിയുടെ അധികം സമയത്ത് ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് ഇക്വഡോര്‍ വിജയം പിടിച്ചടക്കിയത്. 45+13ാം മിനിട്ടില്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിനായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ അഞ്ചാം മിനിട്ടില്‍ ഇക്വഡോര്‍ താരം മോയ്‌സസ് കൈസാഡോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയി. മത്സരത്തിന്റെ ശേഷിച്ച സമയത്ത് ഇക്വഡോറും പത്ത് പേരായി ചുരുങ്ങിയെങ്കിലും ആ അവസരം മുതലാക്കാന്‍ സാധിക്കാതെ പോയതോടെ അര്‍ജന്റീന ഒരു ഗോളിന് തോല്‍വി സമ്മതിച്ചു.

സമാനമായിരുന്നു ബ്രസീലിന്റെയും തോല്‍വി. എസ്റ്റാഡിയോ മുനിസിപ്പല്‍ എല്‍ ആള്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ വഴങ്ങിയ പെനാല്‍ട്ടിയാണ് ബ്രസീലിന്റെയും വിധി നിശ്ചയിച്ചത്.

4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനിലാണ് ഇരുവരും കളത്തിലിറങ്ങിയത്. മികച്ച രീതിയില്‍ ഇരുവരും മുന്നേറി. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും 45+2ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി മിഗ്വെല്‍ ടെര്‍സെറോസ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നും വലയിലെത്തിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കാനിറികള്‍ ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി. കാര്‍ലെറ്റോ യുഗത്തില്‍ ബ്രസീലിന്റെ ആദ്യ തോല്‍വിയാണിത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അര്‍ജന്റീനയും ബ്രസീലും ഇതിനോടകം തന്നെ 2026 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ബ്രസീലിനും അര്‍ജന്റീനയ്ക്കും പുറമെ, ഇക്വഡോര്‍, ഉറുഗ്വായ്, കൊളംബിയ, പരഗ്വായ് ടീമുകളും ഇതിനോടകം കോണ്‍മെബോളില്‍ നിന്നും 2026 ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തിട്ടുണ്ട്.

Content Highlight: 2026 World Cup Qualifiers, Argentina and Brazil lost their match

We use cookies to give you the best possible experience. Learn more