ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഗ്രൂപ്പ് 2ലെ ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ സൗത്ത് ആഫ്രിക്ക, ഏത് കൊലകൊമ്പനെയും അടിയറവ് പറയിക്കാന്‍ കരുത്തുള്ള സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പ് വണ്ണില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ള മറ്റ് ടീമുകള്‍.
ഇനിയുള്ള മത്സരങ്ങള്‍ സംബന്ധിച്ച് കുറച്ച് കടുപ്പമാകുമെന്നുറപ്പിക്കുന്നതാണ് ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകളാണ് സൂപ്പര്‍ 8ല്‍ ഒന്നിച്ചെത്തിയിരിക്കുന്നത്.
ഇന്ത്യ. Photo: BCCI
ഗ്രൂപ്പ് എ-യില്‍ നിന്നും നമീബിയ, നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, യു.എസ്.എ എന്നിവരെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ 8ന് ടിക്കറ്റെടുത്തത്. നാല് മത്സരത്തില്‍ നിന്നും എട്ട് പോയിന്റ്. 2024 ലോകകപ്പിലെ അതേ ശൈലിയില്‍ തന്നെയാണ് ഇത്തവണയും ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്.
കളിച്ച നാല് കളിയില്‍ നാലിലും വിജയിച്ചാണ് വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയും അടുത്ത റൗണ്ടിനെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ്. Photo: ICC
ഗ്രൂപ്പ് സി-യില്‍ ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, സ്‌കോട്‌ലാന്‍ഡ് എന്നിവരെ കരിബീയന്‍ പട കെട്ടുകെട്ടിച്ചപ്പോള്‍ ഗ്രൂപ്പ് ഡി-യില്‍ അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലാന്‍ഡ്, യു.എ.ഇ എന്നിവരോടായിരുന്നു പ്രോട്ടിയാസിന്റെ വിജയം.
സൗത്ത് ആഫ്രിക്ക. Photo: ICC
ബാറ്റിങ്ങിലും ബൗളിങ്ങിലും തികഞ്ഞ മികവ് പുലര്‍ത്തിയാണ് വിന്‍ഡീസും പ്രോട്ടിയാസും സൂപ്പര്‍ 8ന് കച്ചമുറുക്കുന്നത്. സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വപ്‌നം കാണുമ്പോള്‍ മൂന്നാം കിരീടമാണ് ഡാരന്‍ സമ്മിയുടെ ശിഷ്യന്‍മാരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം ശ്രീലങ്കയോട് ത്രില്ലര്‍ വിജയം നേടിയാണ് സിംബാബ്‌വേ അപരാജിത കുതിപ്പ് നടത്തിയത്. നാല് മത്സരത്തില്‍ മൂന്നിലും വിജയിച്ചു. ഒരെണ്ണം ഉപേക്ഷിക്കപ്പെട്ടു.
സിംബാബ്‌വേ. Photo: ICC
ഓസ്‌ട്രേലിയയും ശ്രീലങ്കയും അടക്കം വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തിയാണ് ഷെവ്‌റോണ്‍സ് സൂപ്പര്‍ 8നെത്തുന്നത്. സെമി ഫൈനല്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരിക്കും റാസയുടെയും സംഘത്തിന്റെയും പോരാട്ടം.
അതേസമയം, അപരാജിതരായവര്‍ ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ മറ്റ് ടീമുകള്‍.
സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
Content Highlight: 2026 T20 World Cup: Super 8 Matches