| Saturday, 28th February 2026, 5:16 pm

മഴ പെയ്താല്‍ പണി പാലും വെള്ളത്തില്‍... വിന്‍ഡീസിന് തോല്‍ക്കാതിരിക്കണം, ഇന്ത്യയ്ക്ക് വിജയിക്കണം

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന സൂപ്പര്‍ 8 പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആണ് എതിരാളികള്‍. ഗ്രൂപ്പ് 1ല്‍ നിന്നുമുള്ള രണ്ടാമത് സെമി ഫൈനലിസ്റ്റുകള്‍ നിശ്ചയിക്കുന്ന മത്സരം കൂടിയാണിത്.

രണ്ട് മത്സരത്തില്‍ നിന്നും ഓരോന്ന് വീതം വിജയവും പരാജയവുമാണ് ഇന്ത്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമുള്ളത്. ഇരു ടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് മുമ്പില്‍.

വെസ്റ്റ് ഇന്‍ഡീസിന് നിലവില്‍ +1.791 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് -0.100 എന്ന റണ്‍ റേറ്റുമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ കരീബിയന്‍ കരുത്തര്‍ പരാജയപ്പെട്ടതോടെ നെറ്റ് റണ്‍ റേറ്റില്‍ മുമ്പിലെത്താന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ ആ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഇന്ത്യ

ശിവം ദുബെയുടെ മോശം ബൗളിങ്ങും ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് കുറയുന്നതില്‍ കാരണമായി. രണ്ട് ഓവറില്‍ 23.0 എക്കോണമിയില്‍ 46 റണ്‍സാണ് ശിവം ദുബെ വഴങ്ങിയത്. ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയിട്ടും ദുബെയ്ക്ക് അവസാന ഓവര്‍ നല്‍കിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തീരുമാനത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം, ഏതെങ്കിലും കാരണവശാല്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ക്കും അവസാനമാകും. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മുമ്പോട്ട് കുതിക്കും.

വെസ്റ്റ് ഇന്‍ഡീസ്

അതായത് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് സെമി കളിക്കാം, എന്നാല്‍ വിജയം മാത്രമാണ് ഇന്ത്യയ്ക്ക് സെമി കളിക്കാനുള്ള അവസാന വഴി.

Content Highlight: 2026 T20 World Cup: Super 8: India vs West Indies

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more