| Thursday, 22nd January 2026, 9:53 pm

പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്ന വിക്കറ്റ് കീപ്പര്‍ ലോകകപ്പിനില്ല; ഫൈനലിന് കണക്കുചോദിക്കാന്‍ സൗത്ത് ആഫ്രിക്ക

ആദര്‍ശ് എം.കെ.

ടി-20 ലോകകപ്പിനുള്ള പുതുക്കിയ സ്‌ക്വാഡ് പുറത്തുവിട്ട് സൗത്ത് ആഫ്രിക്ക. ടോണി ഡി സോര്‍സിക്കും ഡോണോവന്‍ ഫെരേരയക്കും പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും റിയാന്‍ റിക്കല്‍ടണിനെയും ഉള്‍പ്പെടുത്തിയാണ് പ്രോട്ടിയാസ് ലോകകപ്പിനെത്തുന്നത്.

പരിക്കാണ് ഇരു താരങ്ങളെയും ലോകകപ്പില്‍ നിന്നും പിന്നോട്ട് വലിച്ചിരിക്കുന്നത്.

ഡിസംബറിലെ ഇന്ത്യന്‍ പര്യടനത്തിനെയാണ് ടോണി ഡി സോര്‍സിക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെ താരം ആരോഗ്യം വീണ്ടെടുക്കുമെന്നും ലോകകപ്പിനുണ്ടാകുമെന്നുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ കൂടിയാണ് ഇല്ലാതിയിരിക്കുന്നത്.

ടോണി ഡി സോര്‍സി

എസ്.എ.20യില്‍ ഫീല്‍ഡിങ്ങിനിടെയാണ് ഡോണോവന്‍ ഫെരേരയ്ക്ക് പരിക്കേറ്റത്. എസ്.എ20യില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗണ്ടര്‍പാര്‍ട്ടായ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഫെരേര.

വിക്കറ്റ് കീപ്പറാണെങ്കിലും പലപ്പോഴും പന്തുമായെത്തി താരം കളിക്കളത്തില്‍ വിരുത് കാട്ടിയിരുന്നു. പന്തെറിഞ്ഞ് ഡേവിഡ് മില്ലര്‍ അടക്കമുള്ളവരുടെ വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

ഡോണോവന്‍ ഫെരേര

നിലവില്‍ സ്‌ക്വാഡിന്റെ ഭാഗമായ സൂപ്പര്‍ താരം ഡേവിഡ് മില്ലര്‍ അടക്കമുള്ളവരുടെ ഫിറ്റ്‌നെസ്സും സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പില്‍ ചോദ്യചിഹ്നമാണ്. എസ്.എ20യില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെതിരായ എലിമിനേറ്ററില്‍ മില്ലര്‍ കളത്തിലിറങ്ങിയിരുന്നില്ല.

സണ്‍റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ്പിനെതിരായ മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ സൂപ്പര്‍ പേസര്‍ ലുങ്കി എന്‍ഗിഡി, ബാറ്റിങ്ങിനിടെ വിരലിന് പരിക്കേറ്റ ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

ഡേവിഡ് മില്ലറിന് പകരക്കാരനെ തേടേണ്ടതുണ്ടെങ്കില്‍ റൂബിന്‍ ഹെര്‍മനെയായിരിക്കും സൗത്ത് ആഫ്രിക്ക പരിഗണിക്കുക.

അഫ്ഗാനിസ്ഥാന്‍, കാനഡ, ന്യൂസിലന്‍ഡ്, യു.എ.ഇ എന്നിവരോടൊപ്പം ഗ്രൂപ്പ് ഡി-യിലാണ് സൗത്ത് ആഫ്രിക്ക. ഫെബ്രുവരി 09 ന് അഹമ്മദാബാദില്‍ കാനഡയ്‌ക്കെതിരെയാണ് പ്രോട്ടിയാസിന്റെ ആദ്യ മത്സരം.

ഫെബ്രുവരി 07 മുതല്‍ മാര്‍ച്ച് 08 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുക.

കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാകും പ്രോട്ടിയാസ് ഇത്തവണ ലോകകപ്പിനെത്തുക.

പുതുക്കിയ സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കല്‍ടണ്‍, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, കഗീസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ, ക്വേന മഫാക്ക, ജെയ്സണ്‍ സ്മിത്.

Content Highlight: 2026 T20 World Cup: South Africa updated squad

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more