2026 ടി-20 ലോകകപ്പില്‍ തോല്‍വിയോടെ ക്യാമ്പെയ്ന്‍ അവസാനിപ്പിച്ച് സിംബാബ് വേ. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരത്തില്‍ പോലും തോല്‍വിയറിയാതെ മുന്നേറിയ ടീം, സൂപ്പര്‍ 8ല്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് മടങ്ങുന്നത്.
ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സിംബാബ്‌വേയുടെ തോല്‍വി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ ഓള്‍ റൗണ്ട് മികവിനെ ബാറ്റിങ്ങില്‍ ടീം വര്‍ക്കിലൂടെ നേരിട്ടാണ് സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ റാസയെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. ബാറ്റിങ്ങില്‍ 43 പന്തില്‍ 73 റണ്‍സ് നേടിയ താരം ബൗളിങ്ങില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടിയിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഇത് 21ാം തവണയാണ് സിക്കന്ദര്‍ റാസ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. 22 തവണ ഈ നേട്ടത്തിലെത്തിയ മലേഷ്യന്‍ താരം വിരണ്‍ദീപ് സിങ്ങാണ് ഈ റെക്കോഡില്‍ റാസയ്ക്ക് മുമ്പിലുള്ളത്.
ടി-20 ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനവുമായാണ് സിംബാബ് വേയും റാസയും പടിയിറങ്ങുന്നത്.
2007 – ഗ്രൂപ്പ് ഘട്ടം
2009 – പിന്മാറി
2010 – ഗ്രൂപ്പ് ഘട്ടം
2012 – ഗ്രൂപ്പ് ഘട്ടം
2014 – ഫസ്റ്റ് റൗണ്ട്
2016 – ഫസ്റ്റ് റൗണ്ട്
2021 – യോഗ്യത നേടിയില്ല
2022 – സൂപ്പര്‍ 12
2024 – യോഗ്യത നേടിയില്ല
2026 – സൂപ്പര്‍ 8
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഷെവ്‌റോണ്‍സ് സിക്കന്ദര്‍ റാസയുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലെത്തിയത്. 43 പന്ത് നേരിട്ട റാസ 73 റണ്‍സ് നേടിയാണ് കളം വിട്ടത്. ഏട്ട് ഫോറും നാല് സിക്സറും അടക്കം 169.77 എന്ന മികച്ച സ്ട്രൈക് റേറ്റാണ് ഷെവ്‌റോണ്‍സ് ലെജന്‍ഡിനുണ്ടായിരുന്നത്.
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ റാസയ്ക്ക് മികച്ച പിന്തുണ കൊടുക്കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. 20 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ ടോണി മുന്യോംഗയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 153ലെത്തി.
സിക്കന്ദര്‍ റാസ
സൗത്ത് ആഫ്രിക്കയ്ക്കായി ക്വേന മഫാക്കയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആന്റിക് നോര്‍ക്യ, ലുങ്കി എന്‍ഗിഡി, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ പൂജ്യത്തിനും മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിനെ നാല് റണ്‍സിനും നഷ്ടപ്പെട്ടു. സിക്കന്ദര്‍ റാസയാണ് ഇരുവരെയും മടക്കിയത്.
പിന്നാലെയെത്തിയ റിയാന്‍ റിക്കല്‍ടണ്‍ (22 പന്തില്‍ 31), ഡെവാള്‍ഡ് ബ്രെവിസ് (18 പന്തില്‍ 42), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 22), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ പുറത്താകാതെ 21), ജോര്‍ജ് ലിന്‍ഡെ (21 പന്തില്‍ പുറത്താകാതെ 30) എന്നിവര്‍ സൗത്ത് ആഫ്രിക്കയെ അനായാസമായി വിജലക്ഷ്യം കടത്തി.
സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രാഡ് ഇവാന്‍സും ബ്ലെസ്സിങ് മുസരബാനിയും ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: 2026 T20 World Cup: SA vs ZIM: Sikandar Raza won POTM, Zimbabwe eliminated