| Friday, 13th February 2026, 8:33 pm

ഭാജിയും പത്താനും മുതല്‍ ബുംറ വരെ ഒറ്റ ഇന്ത്യന്‍ താരമില്ല; ലോകകപ്പ് ചരിത്രത്തില്‍ ഇടം പിടിച്ച് യു.എ.ഇ താരം

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കാനഡയെ പരാജയപ്പെടുത്തി യു.എ.ഇ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു യു.എ.ഇയുടെ വിജയം.

കാനഡ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ യു.എ.ഇ മറികടക്കുകയായിരുന്നു.

ജുനൈദ് സിദ്ദിഖിന്റെ ഫൈഫറിന്റെയും ആര്യാന്‍ഷ് ശര്‍മ, ഷോയ്ബ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലുമാണ് യു.എ.ഇ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ വിജയം പിടിച്ചടക്കിയത്.

നാല് ഓവറിവല്‍ 35 റണ്‍സ് വഴങ്ങിയാണ് ജുനൈദ് സിദ്ദിഖ് കാനഡയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്. യുവരാജ് സാമ്ര, ദില്‍പ്രീത് ബജ്‌വ, ഹര്‍ഷ് താക്കര്‍, വിക്കറ്റ് കീപ്പര്‍ ശ്രേയസ് മോവ്വ, ആദ് ബിന്‍ സഫര്‍ എന്നിവരുടെ വിക്കറ്റുകളാണ് ജുനൈദ് സിദ്ദിഖ് കടപുഴക്കിയത്.

ഈ നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും സിദ്ദിഖിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ യു.എ.ഇ താരമെന്ന നേട്ടമാണ് സിദ്ദിഖ് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന 14ാം താരം കൂടിയാണ് യു.എ.ഇയുടെ വലംകയ്യന്‍ മീഡിയം പേസര്‍.

ടി-20 ലോകകപ്പുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഉമര്‍ ഗുല്‍ – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 5/6 – 2009

അജന്ത മെന്‍ഡിസ് – ശ്രീലങ്ക – സിംബാബ്‌വേ – 6/8 – 2012

ലസിത് മലിംഗ – ശ്രീലങ്ക – ഇംഗ്ലണ്ട് – 5/19 – 2012

അഹ്‌സാന്‍ മാലിക് – നെതര്‍ലന്‍ഡ്‌സ് – സൗത്ത് ആഫ്രിക്ക – 5/19 – 2014

രംഗന ഹെറാത്ത് – ശ്രീലങ്ക – ന്യൂസിലാന്‍ഡ് – 5/3 – 2014

ജെയിംസ് ഫോക്‌നര്‍ – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 5/27 – 2016

മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് – 5/22 – 2021

മുജീബ് ഉര്‍ റഹ്‌മാന്‍ – അഫ്ഗാനിസ്ഥാന്‍ – സ്‌കോട്‌ലാന്‍ഡ് – 5/20 – 2021

ആദം സാംപ – ഓസ്‌ട്രേലിയ – ബംഗ്ലാദേശ് – 5/19 – 3.32

സാം കറന്‍ – ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന്‍ – 5/10 – 2022

ഫസല്‍ഹഖ് ഫാറൂഖി – അഫ്ഗാനിസ്ഥാന്‍ – ഉഗാണ്ട – 5/9 – 2024

അകീല്‍ ഹൊസൈന്‍ – വെസ്റ്റ് ഇന്‍ഡീസ് – ഉഗാണ്ട – 5/11 – 2024

റൊമാരിയോ ഷെപ്പേര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – സ്‌കോട്‌ലാന്‍ഡ് – 5/20 – 2026

ജുനൈദ് സിദ്ദിഖ് – യു.എ.ഇ – കാനഡ – 5/35 – 2026*

മത്സരത്തില്‍ ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത കാനഡ ഹര്‍ഷ് താക്കെറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 41 പന്തില്‍ 50 റണ്‍സ് നേടിയാണ് ഹര്‍ഷ് മടങ്ങിയത്.

34 റണ്‍സ് നേടിയ നവ്‌നീത് ദലിവാലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെയടക്കം നാല് മുന്‍നിര താരങ്ങളെ ഒറ്റയക്കത്തിന് നഷ്ടപ്പെട്ടെങ്കിലും ആര്യാന്‍ഷ് ശര്‍മയും ഷോയ്ബ് ഖാനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആര്യാന്‍ഷ് 53 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ 51 റണ്‍സുമായാണ് ഷോയ്ബ് ഖാന്‍ മടങ്ങിയത്.

ഒടുവില്‍ രണ്ട് പന്ത് ശേഷിക്കെ യു.എ.ഇ വിജയം സ്വന്തമാക്കി.

ഈ വിജയത്തോടെ യു.എ.ഇ ഗ്രൂപ്പ് ഡി-യില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഫെബ്രുവരി 16നാണ് ടീമിന്റെ അടുത്ത മത്സരം. ദല്‍ഹി വേദിയാകുന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

Content Highlight: 2026 T20 World Cup: Junaid Siddique becomes 14thj player to pick fifer in T20 WC

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more