ഐ.സി.സി ടി-20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച് ഇറ്റലി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡസില്‍ നടക്കുന്ന മത്സരത്തില്‍ മറ്റൊരു അസോസിയേറ്റ് ടീമായ സ്‌കോട്‌ലാന്‍ഡിനെയാണ് ഇറ്റലി നേരിടുന്നത്.
യൂറോപ്യന്‍ ക്വാളിഫയേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇറ്റലി ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയിലേക്ക് പറക്കാന്‍ സെമി ഫൈനലിലെ വിജയം മാത്രം മതിയായിരുന്നു.
ലോകകപ്പ് നേടിയ ഇറ്റലിയുടെ ആഹ്ലാദം. Photo: ICC
2026 ഫിഫ ലോകകപ്പില്‍ ഇറ്റലി കളിക്കുമോ എന്ന കാര്യത്തില്‍ ഇനിയും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ടി-20 ലോകകപ്പില്‍ അസൂറിപ്പട അരങ്ങേറ്റം കുറിക്കുന്നത്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന 25ാം ടീമാണ് ഇറ്റലി. 20 ടീമുകള്‍ അണിനിരക്കുന്ന 2026 ടി-20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഏക ടീമും ഇറ്റലി തന്നെ.
ക്രിക്കറ്റ് ഇറ്റാലിയ
2007 – ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, കെനിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സ്‌കോട്‌ലാന്‍ഡ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ.
2009 – അയര്‍ലാന്‍ഡ്, നെതര്‍ലന്‍ഡ്‌സ്
2010 – അഫ്ഗാനിസ്ഥാന്‍
2012 – ❌
2014 – ഹോങ് കോങ്, നേപ്പാള്‍, യു.എ.ഇ
2016 – ഒമാന്‍
2021 – നമീബിയ, പപ്പുവ ന്യൂ ഗിനി
2022 – ❌
2024 – കാനഡ, ഉഗാണ്ട, യു.എസ്.എ
2026 – ഇറ്റലി*
ലോകകപ്പിന് തൊട്ടുമുമ്പ് അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇറ്റലി കരുത്ത് കാട്ടിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് പരാജയപ്പെട്ടെങ്കിലും, തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ നേഷനെതിരെ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്.
അയര്‍ലന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ ഇറ്റലി മറികടക്കുകയായിരുന്നു.
ക്രിക്കറ്റില്‍ ഇപ്പോഴും ബാല്യകാലം വിട്ടൊഴിയാത്ത ഇറ്റലിയില്‍ നിന്നും ഈ ലോകകപ്പില്‍ ആരാധകര്‍ കാര്യമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഇറ്റലിക്ക് സാധിക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസവും.
Content highlight: 2026 T20 World Cup: Italy makes their debut