| Sunday, 1st March 2026, 10:50 pm

കരിയറിലെ ഏറ്റവും വലിയ മാച്ചില്‍ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്; സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ സെമിയില്‍

ആദർശ് എം.കെ.

2026 ടി-020 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെ വെടിക്കെട്ടില്‍ 4 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പും റോസ്റ്റണ്‍ ചെയ്‌സും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 33 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ഹെറ്റ്‌മെയര്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശവെ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി പുറത്തായി. 12 പന്തില്‍ 27 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

അതേ ഓവറില്‍ തന്നെ സെറ്റ് ബാറ്റര്‍ റോസ്റ്റണ്‍ ചെയ്‌സിനെയും മടക്കിയ ബുംറ വിന്‍ഡീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു. 25 പന്തില്‍ 40 റണ്‍സടിച്ചാണ് താരം പുറത്തായത്.

റോവ്മന്‍ പവല്‍ 19 പന്തില്‍ പുറത്താകാതെ 34 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 22 പന്തില്‍ പുറത്താകാതെ 37 റണ്‍സും നേടി മിഡില്‍ ഓര്‍ഡറില്‍ കരുത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 195ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മോശമല്ലാത്ത രീതിയില്‍ ആദ്യ വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തവെ അഭിഷേകിനെ മടക്കി അകീല്‍ ഹൊസൈന്‍ ആദ്യ രക്തം ചിന്തി. 11 പന്തില്‍ പത്ത് റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ ഇഷാന്‍ കിഷനും അധികം നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ആറ് പന്ത് നേരിട്ട് പത്ത് റണ്ഡസുമായി ജേസണ്‍ ഹോള്‍ഡറിന് വിക്കറ്റ് സമ്മാനിച്ച് ഇഷാന്‍ കിഷന്‍ മടങ്ങി.

നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ഒപ്പം കൂട്ടി സഞ്ജു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടോപ്പ് ഓര്‍ഡറിലെ രണ്ട് വെടിക്കെട്ട് വീരന്‍മാരും കൂടാരം കയറിയെങ്കിലും സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ മികച്ച സ്‌ട്രൈക് റേറ്റ് നിലനിര്‍ത്തിക്കൊണ്ട് സഞ്ജു ബാറ്റിങ് തുടര്‍ന്നു.

മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി സഞ്ജുവും സൂര്യയും ഇന്നിങ്‌സ് കെട്ടിപ്പൊക്കവെ ക്യാപ്റ്റനെ മടക്കി ഷമര്‍ ജോസഫ് കരുത്തുകാട്ടി. 16 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്.

തിലക് വര്‍മയെ കൂട്ടുപിടിച്ചായി സഞ്ജുവിന്റെ പ്രത്യാക്രമണം. സഞ്ജുവിനൊപ്പം തിലകും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ആരാധകര്‍ ആവേശത്തിലായി. നാലാം വിക്കറ്റില്‍ 42 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി തിലകും മടങ്ങി. ജേസണ്‍ ഹോള്‍ഡറിനാണ് വിക്കറ്റ്. 15 പന്തില്‍ 27 റണ്‍സുമായാണ് തിലക് പുറത്തായത്. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ 14 പന്തില്‍ 17 റണ്‍സും നേടി.

അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരം രണ്ടാം പന്തില്‍ ഫോറടിച്ച് വിജയം സ്വന്തമാക്കി. 50 പന്ത് നേരിട്ട് പുറത്താകാതെ 97 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതവും അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content highlight: 2026 T20 World Cup: India defeated West Indies and qualified for Semi Final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more