| Monday, 2nd February 2026, 8:41 pm

പാകിസ്ഥാന് ഫൈനല്‍ വാണിങ്; അറിയിപ്പ് ലഭിക്കും വരെ സ്റ്റേഡിയത്തില്‍ തുടരുമെന്ന് ഇന്ത്യ!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടക്കുന്നത്. ഇതോടെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ഐ.സി.സി. ഫൈനും സസ്‌പെന്‍ഷനുമടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ നേരിടേണ്ടി വരുമെന്നാണ് ഐ.സി.സി അറിയിച്ചത്.

നാളെയോ മറ്റന്നാളോ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഐ.സി.സി പറഞ്ഞത്. മാത്രമല്ല മത്സരത്തിനായി കൊളമ്പോയിലേക്ക് പോകുമെന്നും മത്സരം ഉപേക്ഷിച്ചു എന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്നും ബി.സി.സി.ഐ പറഞ്ഞു.

പാകിസ്ഥാന്‍ ടീം

ഇതേക്കുറിച്ച് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ സംസാരിച്ചിരുന്നു. തങ്ങള്‍ ലോകകപ്പില്‍ കളിക്കുമെന്നും എന്നാല്‍ ഇന്ത്യയ്ക്കെതിരെ കളിക്കേണ്ടതില്ല എന്ന തീരുമാനമെടുത്തത് തങ്ങളുടെ സര്‍ക്കാരും പി.സി.ബി മേധാവിയുമാണെന്ന് ആഘ പറഞ്ഞു. സ്‌പോര്‍ട്‌സ് കീടയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പില്‍ നിന്നും ബംഗ്ലാദേശിനെ പുറത്താക്കിയതിന്റെ പ്രതിഷേധമെന്നോണമാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറിയത്. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം.

അതേസമയം ഇന്ത്യയ്ക്കെതിരെ കളത്തിലിറങ്ങില്ല എന്ന തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. പോയിന്റ് നഷ്ടപ്പെടുന്നത് മാത്രമല്ല ടീമിന്റെ നെറ്റ് റണ്‍ റേറ്റിനെയും ഇത് സാരമായി ബാധിക്കും. 20 ഓവറും ബാറ്റ് ചെയ്ത് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല എന്നാണ് ടെക്നിക്കലി വാക്കോവര്‍ പരിഗണിക്കപ്പെടുക. ഇത് നെറ്റ് റണ്‍ റേറ്റിലും സാരമായി ബാധിക്കും.

രണ്ട് ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടത്തിലേക്ക് ഏത് ടീം പ്രവേശിക്കും എന്ന് നിര്‍ണയിക്കുന്നതിലടക്കം നെറ്റ് റണ്‍ റേറ്റിന് വലിയ പങ്കാണുള്ളത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഭാഗ്യപരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

പാകിസ്ഥാന്റെ ഈ പിന്മാറ്റം ചെറിയ തോതിലെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും തിരിച്ചടിയാകും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യുന്ന മത്സരമാണ് ഇത് എന്നതുതന്നെയാണ് കാരണവും.

Content Highlight: 2026 t20 World Cup: ICC Give Final Warning To Pakistan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more