| Monday, 19th January 2026, 2:50 pm

നിങ്ങള്‍ മിസ് ചെയ്യുക വിരാടിനെയും രോഹിത്തിനെയുമെങ്കില്‍ ലോകകപ്പ് മിസ് ചെയ്യുക ഈ രണ്ട് താരങ്ങളെ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ദിവസങ്ങളുടെ മാത്രം ആയുസ്. ഫെബ്രുവരി ഏഴിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യയും മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ആവേശമുയരുക.

2024ല്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ കപ്പ് മോഹിച്ച് തന്നെയാണ് ഓസ്‌ട്രേലിയ മുതല്‍ ഇറ്റലി വരെയുള്ള മറ്റ് ടീമുകളും കളത്തിലിറങ്ങുന്നത്.

ടി-20 ലോകകപ്പ്

2024 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് കീഴിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെ നെറുകിലേക്ക് നടന്നുകയറിയത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെ മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ രണ്ടാം ടി-20 ലോകകപ്പ് കൈപ്പിടിയിലൊതുക്കി.

രോഹിത് സമ്മാനിച്ച കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയ്‌ക്കൊപ്പം ഹിറ്റ്മാന്‍ കളത്തിലിറങ്ങില്ല. ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം രോഹിത് അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

രോഹിത് ശര്‍മ | വിരാട് കോഹ്‌ലി | രവീന്ദ്ര ജഡേജ

തങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യായാണ് ഇന്ത്യ രോഹിത് ശര്‍മയില്ലാതെ ഒരു ടി-20 ലോകകപ്പ് കളിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണായ 2007ല്‍ ഇന്ത്യ കിരീടമണിയുമ്പോള്‍ മുതല്‍ നീല ജേഴ്സിയിലുണ്ടായിരുന്ന രോഹിത് ശര്‍മ 2024 വരെയുള്ള എല്ലാ ലോകകപ്പുകളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരുന്നു.

രോഹിത് ശർമ 2024 ലോകകപ്പ് കിരീടവുമായി. Photo: ICC/x.com

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം മത്സരം കളിച്ച താരം (47), ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ വിരാട് കോഹ്ലിക്ക് കീഴില്‍ രണ്ടാമന്‍, ലോകകപ്പുകളില്‍ 50 സിക്സര്‍ പൂര്‍ത്തിയാക്കിയ താരം തുടങ്ങിയ എണ്ണമറ്റ റെക്കോഡുകളും രണ്ട് ലോകകപ്പുകള്‍ക്കൊപ്പം രോഹിത് തന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ചു.

രോഹിത് ശർമ വിവിധ ലോകകപ്പുകളില്‍. ചിത്രം ക്രിക്ട്രാക്കർ

രോഹിത്തിനെ പോലെ ലോകകപ്പിന്റെ എല്ലാ എഡിഷനിലും തന്റെ ടീമിനെ പ്രതിനിധീകരിച്ച മറ്റൊരു താരം കൂടിയുണ്ട്. ബംഗ്ലാദേശ് ഇതിഹാസവും ടി-20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറുമായ ഷാകിബ് അല്‍ ഹസനാണ് ആ താരം. 2007 മുതല്‍ 2024 വരെയുള്ള എല്ലാ ലോകകപ്പുകളിലും ഷാകിബ് ബംഗ്ലാദേശിനായി കളത്തിലിറങ്ങി.

രോഹിത്തിനെ പോലെ ടീമിനൊപ്പം കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും എണ്ണമറ്റ പല റെക്കോഡുകളും സ്വന്തമാക്കി ഷാകിബ് ലോകകപ്പുകളില്‍ തന്നെ അടയാളപ്പെടുത്തി.

ഷാകിബ് അല്‍ ഹസന്‍ 2024 ലോകകപ്പില്‍. Photo: ICC/x.com

ലോകകപ്പ് ചരിത്രത്തില്‍ 50 വിക്കറ്റ് നേടിയ ഏക താരമാണ് ഷാകിബ്. 39 വിക്കറ്റ് നേടിയ പാക് ഇതിഹാസം ഷാഹിദ് അഫ്രിദിയാണ് രണ്ടാമന്‍. ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ 37 വിക്കറ്റ് നേടി റാഷിദ് ഖാനാണ് ഷാകിബിന്റെ റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നത്.

ഷാകിബ് അല്‍ ഹസന്‍ വിവിധ ലോകകപ്പുകളില്‍. ചിത്രം ക്രിക്ട്രാക്കർ

2026 ലോകകപ്പില്‍ രോഹിത്തിനെയും ഷാകിബിനെയും ആരാധകര്‍ തീര്‍ച്ചയായും മിസ് ചെയ്യുമെന്നുറപ്പാണ്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

ബംഗ്ലാദേശ് സ്‌ക്വാഡ്

പര്‍വേസ് ഹൊസൈന്‍ എമോണ്‍, ഷമീം ഹൊസൈന്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, മൊഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, സൈഫ് ഹസന്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, ഷോരിഫുള്‍ ഇസ്ലാം, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

Content Highlight:  2026 T20 World Cup: For the first time, Rohit Sharma and Shakib Al Hassan will not feature in a T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more