| Friday, 27th February 2026, 10:36 pm

പാകിസ്ഥാന് ആശ്വാസം; കിവികളെ വെട്ടി ഇംഗ്ലണ്ട്, ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിന്

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയവുമായി ഇംഗ്ലണ്ട്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ഈ പരാജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡിന്റെ സെമി പ്രവേശവും തുലാസിലായി. ഗ്രൂപ്പില്‍ ഇനി നടക്കുന്ന ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തിന്റെ ഫലമായിരിക്കും ന്യൂസിലാന്‍ഡിന്റെ വിധി നിശ്ചയിക്കുക. വന്‍ മാര്‍ജിനില്‍ പാകിസ്ഥാന്‍ വിജയിച്ചാല്‍ ന്യൂസിലാന്‍ഡ് സെമി കാണാതെ പുറത്താകും.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ആദ്യ വിക്കറ്റില്‍ ടിം സീഫെര്‍ട്ടും ഫിന്‍ അലനും ചേര്‍ന്ന് സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ മികച്ച രീതിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തവെ ഒന്നിന് പിന്നാലെ ഒന്നായി ഇരുവരെയും നഷ്ടപ്പെട്ടത് കിവികളുടെ മൊമെന്റം തച്ചുടച്ചു. ഏഴാം ഓവറിലെ അവസാന പന്തില്‍ സീഫെര്‍ട്ടിനെ ആദില്‍ റഷീദും എട്ടാം ഓവറിലെ നാലാം പന്തില്‍ വില്‍ ജാക്‌സുമാണ് പുറത്താക്കിയത്.

സീഫെര്‍ട്ട് 25 പന്തില്‍ 35 റണ്‍സും അലന്‍ 19 പന്തില്‍ 29 റണ്‍സും നേടിയാണ് പുറത്തായത്.

പിന്നാലെയെത്തിയവര്‍ക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 28 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ്പ് സ്‌കോറര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 159ലെത്തി.

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സ്, ആദില്‍ റഷീദ്, രെഹന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയാം ഡോവ്‌സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടു. രണ്ടാം പന്തില്‍ ലോക്കി ഫെര്‍ഗൂസന് വിക്കറ്റ് നല്‍കിയായിരുന്നു ബട്‌ലറിന്റെ മടക്കം. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്‌ലര്‍ ഡക്കായി മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.

മൂന്നാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജേകബ് ബേഥലും 47 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ഹാരി ബ്രൂക്കും (24 പന്തില്‍ 26), 58ല്‍ നില്‍ക്കവെ ജേകബ് ബേഥലും (16 പന്തില്‍ 21) പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും ബാക്ക്ഫൂട്ടിലേക്കിറങ്ങി.

24 പന്തില്‍ 33 റണ്‍സുമായി ടോം ബാന്റണും 22 പന്തില്‍ 24 റണ്‍സുമായി സാം കറനും പുറത്തായെങ്കിലും വില്‍ ജാക്‌സും രെഹന്‍ അഹമ്മദും ചെറുത്തുനിന്നു.

അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് പന്ത് ശേഷിക്കവെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ജാക്‌സ് 18 പന്തില്‍ 32 റണ്‍സും രെഹന്‍ അഹമ്മദ് ഏഴ് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

Content Highlight: 2026 T20 World Cup: England defeated New Zealand

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more