പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനാകാത്ത സാഹചര്യത്തിലും പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, ടിം ഡേവിഡ് എന്നിവരെ 2026 ടി-20 ലോകകപ്പിന്റെ താത്കാലിക സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ലോകകപ്പിന് മുമ്പായി മൂവരും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്.
ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അഡ്ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച കമ്മിന്‍സ് മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.
പാറ്റ് കമ്മിന്‍സ്. Photo: Cricket Australia/x.com
ഷെഫീല്‍ഡ് ഷീല്‍ഡില്‍ പരിക്കേറ്റ ഹെയ്സല്‍വുഡിന് ആഷസ് പരമ്പര പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിലാണ് ടിം ഡേവിഡിന് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇന്‍ജുറി നേരിട്ട താരം നിലവില്‍ വിശ്രമത്തിലാണ്.
മൂന്ന് പേരും സ്‌ക്വാഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്.
‘പാറ്റ് സ്‌കാനിങ്ങിന് വിധേയനാകും. എനിക്ക് തോന്നുന്നത് നാലാഴ്ച കൂടി, അതിനകം അവന്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കും. അവനെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. ശേഷം അവനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതായിരിക്കും,’ മക്‌ഡൊണാള്‍ഡ് പറഞ്ഞു.
ജനുവരി രണ്ടിനകം എല്ലാ ടീമുകളും ലോകകപ്പിനുള്ള താത്കാലിക ടീമിനെ പ്രഖ്യാപിക്കണം. ജോഷ് ഹെയ്‌സല്‍വുഡ് സുഖം പ്രാപിച്ചുവരികയാണന്നും വൈകാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നും മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
ജോഷ് ഹെയ്‌സല്‍വുഡ് . Photo: ICC/x.com
‘ജോഷ് പന്തെറിയാന്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെയെന്ന പോലെ അവന്‍ തീര്‍ത്തും മികച്ച രീതിയില്‍ തന്നെയാണ്.
എന്നാല്‍ ടിം ഡേവിഡിന്റെ കാര്യത്തില്‍ പേശികള്‍ക്കാണോ പരിക്കേറ്റത് അതോ ടെന്‍ഡനുകള്‍ക്കും പരിക്കേറ്റിട്ടുണ്ടോ എന്നതില്‍ നിലവില്‍ വ്യക്തതയില്ല. ഇതറിഞ്ഞാല്‍ മാത്രമേ അവന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കൂ. അവന്‍ വേഗം മടങ്ങിയെത്തുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവനും ടീമിനൊപ്പമുണ്ടായേക്കും,’ മക്‌ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ടിം ഡേവിഡ്. Photo: Cricket Australia/x.com
2026 ഫെബ്രുവരി ഏഴിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. 20 ടീമുകള്‍ ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങും.
ആതിഥേയര്‍ – 2 ടീം
ഇന്ത്യ, ശ്രീലങ്ക
2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം
അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്
ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം
അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍
അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം
കാനഡ
യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം
ഇറ്റലി, നെതര്‍ലന്‍ഡ്‌സ്
ആഫ്രിക്ക ക്വാളിഫയര്‍ – 2 ടീം
നമീബിയ, സിംബാബ്‌വേ
ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം
നേപ്പാള്‍, ഒമാന്‍, യു.എ.ഇ
ഗ്രൂപ്പ് ബി-യിലാണ് ഓസ്‌ട്രേലിയ. അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content Highlight: 2026 T20 World Cup: Australian coach on the health status of Pat Cummins, Tim David and Josh Hazelwood