ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026ലെ ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. മിച്ചല്‍ മാര്‍ഷിനെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് രണ്ടാം കിരീടം ലക്ഷ്യമിടുന്ന കങ്കാരുക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മാര്‍ഷിനൊപ്പം വമ്പനടി വീരന്‍മാരായ ട്രാവിസ് ഹെഡ് ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ് എന്നിവരും ഏത് സാഹചര്യത്തിലും കളി തിരിക്കാന്‍ പോന്ന ആദം സാംപയും അടക്കമുള്ളവരടുങ്ങുന്ന കരുത്തുറ്റ നിരയാണ് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്.
പരിക്കേറ്റ് പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്ത പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, ടിം ഡേവിഡ് എന്നിവരും 15 അംഗ സ്‌ക്വാഡിന്റെ ഭാഗമാണ്.
ഇന്ത്യന്‍ പിച്ചിന്റെ ആനുകൂല്യം പൂര്‍ണമായും മുതലെടുക്കാന്‍ സാധിക്കുന്ന പേസ് – സ്പിന്‍ നിരയാണ് ടീമിന്റെ കരുത്ത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ആദം സാംപയ്‌ക്കൊപ്പം മാറ്റ് കുന്‍മാനും മാക്‌സിയും ചേരുന്നതോടെ കങ്കാരുക്കളുടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കരുത്തുറ്റതാകും. കൂപ്പര്‍ കനോലിയെയും മറക്കാന്‍ സാധിക്കില്ല.
മിച്ചല്‍ സ്റ്റാര്‍ക് കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയതോടെ ആ കുറവ് പരിഹരിക്കേണ്ട ചുമതല സേവ്യര്‍ ബാര്‍ട്‌ലെറ്റിനാണ്. ഒപ്പം എന്തിനും പോന്ന ജോഷ് ഹെയ്‌സല്‍വുഡും. ലോകകപ്പിന് മുമ്പ് പാറ്റ് കമ്മിന്‍സും പൂര്‍ണ ആരോഗ്യവാന്‍മാരായി മടങ്ങിയെത്തിയാല്‍ കങ്കാരുക്കളെ പിടിച്ചുകെട്ടുകയെന്നത് ക്ഷിപ്രസാധ്യമല്ലാത്ത കാര്യമായി തീരും.
മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ജോഷ് ഇംഗ്ലീസ്, കൂപ്പര്‍ കനോലി, മാറ്റ് കുന്‍മാന്‍, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം ഡേവിഡ്, മാറ്റ് ഷോര്‍ട്ട്, കാമറൂണ്‍ ഗ്രീന്‍, മാര്‍കസ് സ്‌റ്റോയ്‌നിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.
2026 ഫെബ്രുവരി ഏഴിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. 20 ടീമുകള്‍ ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങും.
ആതിഥേയര്‍ – 2 ടീം
ഇന്ത്യ, ശ്രീലങ്ക
2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം
അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്
ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം
അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍
അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം
കാനഡ
യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം
ഇറ്റലി, നെതര്‍ലന്‍ഡ്സ്
ആഫ്രിക്ക ക്വാളിഫയര്‍ – 2 ടീം
നമീബിയ, സിംബാബ്‌വേ
ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം
നേപ്പാള്‍, ഒമാന്‍, യു.എ.ഇ
ഗ്രൂപ്പ് ബി-യിലാണ് ഓസ്ട്രേലിയ. അയര്‍ലന്‍ഡ്, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
Content highlight: 2026 T20 World Cup: Australia announced squad