| Friday, 20th February 2026, 12:51 pm

സഞ്ജു അതിന് മാത്രം എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ല; ഹാട്രിക് ഡക്കിന് ശേഷവും അഭിഷേകിനെ പിന്തുണച്ച് സ്ഥിരം വിമര്‍ശകന്‍

ആദര്‍ശ് എം.കെ.

തുടര്‍ പരാജയങ്ങള്‍ നേരിട്ട സാഹചര്യത്തിലും സൂപ്പര്‍ 8 മത്സരങ്ങളില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ തന്നെ ഓപ്പണറായി കളത്തിലിറക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. അഭിഷേക് ശര്‍മ ടീമിന്റെ എക്‌സ് ഫാക്ടറാണെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര സൂപ്പര്‍ 8ല്‍ അഭിഷേക് ശര്‍മയെ തന്നെ ഇന്ത്യ കളത്തിലിറക്കണമെന്ന് നിരീക്ഷിക്കുന്നത്.

ആകാശ് ചോപ്ര

‘നിങ്ങള്‍ മോശം സമയങ്ങളിലൂടെ കടന്നുപോകും. ഒരു താരം ഒന്നോ രണ്ടോ തവണ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പുറത്താകും. അവന്‍ (അഭിഷേക്) ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും രണ്ട് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം അവന്‍ റണ്‍സടിച്ചു. നിങ്ങള്‍ക്കൊരിക്കലും താരങ്ങളെ ഇതുപോലെ പുറത്താക്കാന്‍ സാധിക്കില്ല.

അഭിഷേക് ശര്‍മ ഒരു എക്‌സ് ഫാക്ടറാണ്. അവന്‍ ഈ ടീമിന്റെ പ്രധാന താരമാണ്. അവന്‍ കളിച്ചുതുടങ്ങിയാല്‍ വളരെ മികച്ച രീതിയില്‍ തന്നെ ബാറ്റ് വീശും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. വളരെ പെട്ടന്ന് തന്നെ നമ്മളൊരു കടുത്ത തീരുമാനത്തിലെത്തണമെന്ന് എനിക്ക് തോന്നുന്നില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ടീമിലെ മറ്റൊരു ഓപ്പണറായ സഞ്ജു സാംസണ്‍ നിലവില്‍ ഫോമിലല്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

‘സഞ്ജു സാംസണ്‍ റോക്കറ്റ് ഫോമില്‍ നില്‍ക്കുന്ന സമയമൊന്നുമല്ല ഇത്. അവനോട് അനീതി ചെയ്തുവെന്ന് അവകാശപ്പെടാന്‍ തോന്നുന്ന തരത്തിലുള്ള പ്രകടനമൊന്നും തന്നെ അവന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അവന്‍ കളിക്കുകയാണെങ്കില്‍ തന്നെ, മാര്‍കോ യാന്‍സനെ സബര്‍മതി നദിയിലേക്ക് അടിച്ചുപറത്തുമെന്ന ആത്മവിശ്വാസം സമ്മാനിക്കുന്ന രീതിയിലുള്ള പ്രകടനമൊന്നും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അവന്‍ ഒരുപാട് റണ്‍സ് നേടിയതിന് ശേഷവുമല്ല ഇപ്പോള്‍ വരുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലാണ് അഭിഷേക് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ഈ മൂന്നിലും താരം പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ താരം പാകിസ്ഥാനെതിരെ നാല് പന്ത് നേരിട്ടും നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് പന്ത് നേരിട്ടും പുറത്തായി.

അനാരോഗ്യം മൂലം അഭിഷേക് കളത്തിലിറങ്ങാതിരുന്ന ഒറ്റ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എട്ട് പന്ത് നേരിട്ട താരം മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 22 റണ്‍സ് നേടി മടങ്ങി.

മൂന്ന് മത്സരത്തില്‍ നിന്നായി അഭിഷേക് ശര്‍മ നേരിട്ടതും എട്ട് പന്തുകളാണ് എന്നതും ശ്രദ്ധേയമാണ്.

ഫെബ്രുവരി 22നാണ് ഇന്ത്യ സൂപ്പര്‍ 8ലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

Content highlight: 2026 T20 World Cup: Aakash Chopra backs Abhishek Sharma

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more