2026 ഫിഫ ലോകകപ്പിനുള്ള യൂറോപ്യന്‍ ക്വാളിഫയറില്‍ ആദ്യ മത്സരത്തിനൊരുങ്ങി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എഫ്-ലാണ് ടീം ഇടം നേടിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അര്‍മേനിയയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. അര്‍മേനിയയുടെ തട്ടകമായ റിപ്പബ്ലിക്കന്‍ സ്റ്റേഡിയമാണ് വേദി.
ഹംഗറിയും അയര്‍ലന്‍ഡുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. എതിരാളികള്‍ താരതമ്യേന ദുര്‍ബലനായതിനാല്‍ നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ ലോകകപ്പിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തുന്ന ടീമിന് മാത്രമേ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കൂ എന്നതിനാല്‍ തന്നെ ഓരോ മത്സരവും എല്ലാ ടീമുകളെ സംബന്ധിച്ചും നിര്‍ണായകമായിരിക്കും. ഇതിനാല്‍ തന്നെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താന്‍ തന്നെയാകും പോര്‍ച്ചുഗല്‍ അടക്കമുള്ള ടീമുകളുടെ ശ്രമം.
അതേസമയം, പോര്‍ച്ചുഗല്‍ 2026 ലോകകപ്പിന് യോഗ്യത നേടിയാല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഒരു ഐതിഹാസിക റെക്കോഡും തേടിയെത്തിയേക്കും. തുടര്‍ച്ചയായ ആറ് ലോകകപ്പുകളില്‍ കളത്തിലിറങ്ങുന്ന താരമെന്ന നേട്ടമാണ് റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കുക.
2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ താരം പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയിരുന്നു. 2026 ലോകകപ്പിന് യോഗ്യത നേടിയാല്‍ റൊണാള്‍ഡോ ടീമിനൊപ്പമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇതിനാല്‍ തന്നെ ഏറ്റവുമധികം ലോകകപ്പുകള്‍ കളിക്കുന്ന താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചേക്കും.
2026 ലോകകപ്പില്‍ ഇതിഹാസ താരം ലയണല്‍ മെസിക്കും ഈ നേട്ടം സ്വന്തമാക്കാം. റൊണാള്‍ഡോയെ പോലെ 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ മെസി ആല്‍ബിസെലസ്റ്റിനൊപ്പം കളത്തിലറങ്ങി. 2022ല്‍ കിരീടവും സ്വന്തമാക്കി.
2026 ലോകകപ്പിന് മെസിയും സംഘവും ഇതിനോടകം തന്നെ യോഗ്യതയുറപ്പിച്ചിട്ടുമുണ്ട്. കോണ്‍മെബോള്‍ ക്വാളിഫയേഴ്‌സില്‍ ജേതാക്കളായാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല എന്നതിനാലും, അര്‍ജന്റീന ലോകകപ്പിന് ടിക്കറ്റെടുത്തതിനാലും ഏറ്റവുമധികം ലോകകപ്പുകള്‍ കളിച്ചതിന്റെ റെക്കോഡില്‍ മെസിയാണ് നേരിയ തോതിലെങ്കിലും മുന്നിട്ട് നില്‍ക്കുന്നത്.
അതേസമയം, പോര്‍ച്ചുഗല്‍ മാത്രമല്ല യൂറോപ്പില്‍ നിന്നും ഒറ്റ ടീമും ഇതുവരെ ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ജര്‍മനിയും ഫ്രാന്‍സുമെല്ലാം യോഗ്യതാ മത്സരങ്ങള്‍ കളിച്ചുവേണം ലോകകപ്പിനെത്താന്‍.
യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. 16 ടീമുകളാണ് യൂറോപ്പിനെ പ്രതിനിധീകരിച്ച് 2026 ലോകകപ്പ് കളിക്കുക.
യുവേഫയില്‍ നിന്നും ഇരുവരെ ഒറ്റ ടീം പോലും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ലെങ്കിലും മറ്റ് കോണ്‍ഫെഡറേഷനുകളില്‍ നിന്നുള്ള ടീമുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ വേള്‍ഡ് കപ്പ് ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.
(ടീം – എപ്രകാരം യോഗ്യത നേടി എന്നീ ക്രമത്തില്‍)
കാനഡ – ആതിഥേയര്‍
മെക്‌സിക്കോ – ആതിഥേയര്‍
അമേരിക്ക – ആതിഥേയര്‍
ജപ്പാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി ജേതാക്കള്‍
ന്യൂസിലാന്‍ഡ് – ഒ.എഫ്.സി തേര്‍ഡ് റൗണ്ട് ജേതാക്കള്‍
ഇറാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ ജേതാക്കള്‍
അര്‍ജന്റീന – കോണ്‍മെബോള്‍ ജേതാക്കള്‍
ഉസ്ബക്കിസ്ഥാന്‍ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പ്
സൗത്ത് കൊറിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് ബി ജേതാക്കള്‍
ജോര്‍ദാന്‍ – എ.എഫ്.സി ഗ്രൂപ്പ് ബി റണ്ണേഴ്‌സ് അപ്പ്
ഓസ്‌ട്രേലിയ – എ.എഫ്.സി തേര്‍ഡ് റൗണ്ട് ഗ്രൂപ്പ് സി റണ്ണേഴ്‌സ് അപ്പ്
ബ്രസീല്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
ഇക്വഡോര്‍ – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
ഉറുഗ്വായ് – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
കൊളംബിയ – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
പരഗ്വായ് – കോണ്‍മെബോള്‍ ടോപ്പ് സിക്‌സ്
Content Highlight: 2026 FIFA World Cup: Portugal to play 1st match in qualifiers