ലോകത്തിന്റെ ഓരോ തെരുവോരങ്ങളില്‍ 2026 ലോകകപ്പിന്റെ ആരവങ്ങള്‍ ഉയരാന്‍ അഞ്ച് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നീളുന്ന ടൂര്‍ണമെന്റിനായി ആവേശത്തിലാണ് ആരാധകരുള്ളത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാല്‍പന്ത് കളിയുടെ മാമാങ്കം ഇപ്പോള്‍ തന്നെ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ലോകകപ്പില്‍ 48 രാജ്യങ്ങളാണ് കിരീടപ്പോരിനിറങ്ങുന്നത്. കന്നി കിരീടം മോഹിച്ചും ഒരിക്കല്‍ അറിഞ്ഞ മധുരം നുണയാന്‍ ആഗ്രഹിച്ചുമാണ് ഏവരും എത്തുന്നത്.
2022 ലോകകപ്പുമായി അർജന്റീന ടീം.
എന്നാല്‍, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്ക് ഇത് ഏറെ സ്‌പെഷ്യലായ ലോകകപ്പാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായി എത്തുന്ന ടീമിന് ഖത്തറില്‍ നേടിയെടുത്ത കനക കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണുള്ളത്. ഈ ലോകകപ്പിലും കിരീടമണിഞ്ഞാല്‍ മെസിയുടെ നീലപ്പടയ്ക്ക് കപ്പ് നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന ചരിത്രം സ്വന്തമാക്കാന്‍ സാധിക്കും.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളത്. ഇത് അഞ്ച് കിരീടങ്ങളുള്ള ബ്രസീലും നാല് തവണ കപ്പുയര്‍ത്തിയ ഇറ്റലിയുമാണ്. 1934ലും 1938 കപ്പുയര്‍ത്തി അസൂറിപ്പടയാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമകളായത്.
1938 ലോകകപ്പ് വിജയിച്ച ഇറ്റലി ടീം. Photo: Wikipedia.com
1934ല്‍ ചെക്കോസ്ലോവാക്യയെ പരാജയപ്പെടുത്തിയാണ് ഇറ്റലിയുടെ ആദ്യ കിരീടനേട്ടം. വിറ്റോറിയോ പോസോയുടെ സംഘം അടുത്ത ലോകകപ്പിലും തങ്ങളുടെ കിരീടനേട്ടം ആവര്‍ത്തിച്ചു. 1938ല്‍ ഹംഗറിയെ തകര്‍ത്തെറിഞ്ഞാണ് കപ്പ് നിലനിര്‍ത്തുന്ന ആദ്യമായി ടീമായി അസൂറിപ്പട തങ്ങളുടെ ചരിത്രത്തില്‍ കുറിച്ചത്.
അതിനുശേഷം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1958 ആദ്യ കപ്പുയര്‍ത്തിയ കാനറികള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ലോകകപ്പിലും കിരീടം മറ്റാര്‍ക്കും വിട്ടുനല്‍കിയില്ല. സ്വീഡനെ തകര്‍ത്തെറിഞ്ഞായിരുന്നു ബ്രസീല്‍ തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.
1962 ലോകകപ്പ് നേടിയ ബ്രസീൽ ടീം. Photo: Nostalgia Futbolera/facebook.com
1962ല്‍ ചെക്കോസ്ലോവാക്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഇതിഹാസതാരം പെലെയടക്കമുള്ള കാനറിപ്പട ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയിലെത്തി. ഒപ്പം കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമെന്ന പട്ടവും അവര്‍ തങ്ങളുടെ പേരിലാക്കി.
പിന്നീട് 16 ലോകകപ്പ് എഡിഷനുകള്‍ കടന്നുപോയിട്ടും മറ്റ് ടീമുകള്‍ കിരീടമുയര്‍ത്തിയിട്ടും ഒരാള്‍ക്ക് പോലും തെട്ടടുത്ത വര്‍ഷങ്ങളില്‍ ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല. ജര്‍മനിയും അര്‍ജന്റീനയും ഫ്രാന്‍സുമെല്ലാം ഒന്നിലധികം തവണ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയെങ്കിലും ഈ റെക്കോഡ് പങ്കുവെക്കപ്പെടാതെ നിന്നു.
അർജന്റീന.
ഇപ്പോള്‍ 23ാം എഡിഷന് അരങ്ങുണരുമ്പോള്‍ അര്‍ജന്റീന ഈ സ്വപ്ന നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്. മെസിക്കും സംഘത്തിനും ഇറ്റലിയും ബ്രസീലും കൈവരിച്ച നേട്ടം സ്വന്തമാക്കാനാവുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: 2026 FIFA World Cup: Italy and Brazil are two teams to defend FIFA World Cup; will Argentina join the list?