| Saturday, 14th March 2026, 7:24 am

ലോകകപ്പ് നടത്തുന്നത് ഫിഫയാണ്, അല്ലാതെ ട്രംപിന്റെ വകയല്ല; അമേരിക്കയ്ക്ക് ഇറാന്റെ മറുപടി

ആദര്‍ശ് എം.കെ.

സ്വന്തം സുരക്ഷയെ കരുതി ഇറാന്‍ ഇത്തവണ 2026 ഫിഫ ലോകകപ്പ് കളിക്കാതിരിക്കുന്നതാണ് നല്ലതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. തങ്ങള്‍ ലോകകപ്പിനായി യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണെന്നും, തങ്ങളെ പുറത്താക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

യു.എസ്.എ ലോകകപ്പിന്റെ ആതിഥേയരായതുകൊണ്ട് മാത്രം ലോകകപ്പില്‍ പങ്കെടുക്കുന്നവരാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാന്‍ പറഞ്ഞു. ലോകകപ്പിനായെത്തുന്ന താരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കില്ലെന്നും ഇറാന്‍ ചോദിച്ചു.

ഇറാന്‍ ഫുട്‌ബോള്‍

‘ഏറെ ചരിത്രപ്രാധാന്യമുള്ള അന്താരാഷ്ട്ര ഇവന്റാണ് ലോകകപ്പ്. ഫിഫയാണ് ഇതിന്റെ നടത്തിപ്പുകാര്‍ – അല്ലാതെ ഏതെങ്കിലുമൊരു രാജ്യമല്ല. ഞങ്ങളുടെ ധീരപുത്രന്‍മാരുടെ കരുത്തും തുടര്‍ച്ചയായ നിര്‍ണായക വിജയങ്ങളുമാണ് ഇറാന്‍ ദേശീയ ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. ഈ ടൂര്‍ണമെന്റില്‍ യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നും ഇറാന്‍ തന്നെയായിരുന്നു.

ലോകകപ്പില്‍ നിന്നും ആര്‍ക്കും തന്നെ ഇറാന്‍ ദേശീയ ടീമിനെ പുറത്താക്കാന്‍ സാധിക്കില്ല, ഏതെങ്കിലും ടീമിനെ പുറത്താക്കാനാകുമെങ്കില്‍ അത് ആതിഥേയര്‍ എന്ന ടാഗുള്ള, എന്നിട്ടും കളിക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത അമേരിക്കയെ മാത്രമാണ്,’ ഇറാനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ അനുകൂലിക്കുന്നില്ലെങ്കിലും ഇറാനെ ലോകകപ്പ് കളിക്കാന്‍ സ്വാഗതം ചെയ്യുന്നു എന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനുള്ള മറുപടിയായാണ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഇറാന്റെ പ്രസ്താവന.

‘ഇറാന്‍ സോക്കര്‍ ടീമിന് ലോകകപ്പിലേക്ക് സ്വാഗതം, പക്ഷേ സ്വന്തം ജീവനും സുരക്ഷയും മുന്‍നിര്‍ത്തി അവര്‍ ഇവിടെ ഉണ്ടായിരിക്കുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതുന്നില്ല, വിഷയത്തിലെ ശ്രദ്ധയ്ക്ക് നന്ദി,’ എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പോസ്റ്റ്.

അതേസമയം, ഇറാന്‍ ലോകകപ്പിന്റെ ഭാഗമാകണമെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നിലപാട്. ട്രംപുമായി ചര്‍ച്ച നടത്തിയതായും ഇന്‍ഫാന്റീനോ അഭിപ്രാടയപ്പെട്ടു.

‘ഇറാനിയന്‍ ദേശീയ ടീം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയതിനാല്‍ ഇറാനിലെ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇറാന്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി ആവര്‍ത്തിച്ചിരുന്നു,’ ഇന്‍ഫാന്റീനോ പറഞ്ഞു.

Content Highlight: 2026 FIFA World CUP: Iran responds to US President Donald Trump

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more