| Thursday, 4th June 2026, 10:54 am

റോണോയെ വെല്ലാന്‍ മറ്റാരുമില്ല; ലോക റെക്കോഡുമായാണ് പറങ്കിപ്പടയുടെ കപ്പിത്താന്റെ വരവ്

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിനുള്ള ആവേശ കാത്തിരിപ്പിലാണ് ആരാധകര്‍. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് പന്തുരുളാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. ജൂണ്‍ 11 മുതലാണ് കായിക മാമാങ്കത്തിന് അരങ്ങുണരുക. പിന്നീട് ജൂലൈ 19 വരെ ലോകത്തിന്റെ വിവിധ കോണുകളില്‍ കാല്‍പന്ത് കളിയുടെ ആരവങ്ങളും ആഘോഷങ്ങളും ഉയരും.

പുതിയ ഒരു ലോകകപ്പിന് തിരശീലയുയരുമ്പോള്‍ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രായം നാല്പത് കഴിഞ്ഞിട്ടും ഒരു തുടക്കക്കാരന്റെ വീറും വാശിയോടെയുമാണ് താരം കളത്തില്‍ ഇറങ്ങുന്നത് എന്നത് തന്നെയാണ് അതിന് കാരണം. കൂടാതെ, കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന ഫുട്‌ബോളര്‍ തന്റെ ആദ്യ കനകകിരീടം ചൂടുമോയെന്ന ആകാംക്ഷയും ഏവരിലുമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: TCR/x.com

കിരീട പ്രതീക്ഷയുമായി റോണോ തന്റെ ആറാം ലോകകപ്പിനാണ് കളത്തിലിറങ്ങുന്നത്. 48 രാജ്യങ്ങള്‍ മാറ്റുരക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ താരം ബൂട്ടുകെട്ടുന്നത് ഒരു ലോക റെക്കോഡുമായാണ്. ലോകകപ്പിന്റെ അഞ്ച് എഡിഷനുകളില്‍ ഗോള്‍ നേടിയ ഏക താരമെന്ന പട്ടമാണ് 41കാരന്റെ പേരിലുള്ളത്.

ലോകകപ്പില്‍ റോണോ എട്ട് തവണയാണ് വല കുലുക്കിയത്. 2006 ലോകകപ്പില്‍ അരങ്ങേറിയ താരം ആ വര്‍ഷം തന്നെ ഒരു ഗോള്‍ അടിച്ചു തന്റെ വേട്ടക്ക് തുടക്കം കുറിച്ചു. 2010, 2014 ലോകകപ്പുകളിലും പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ഓരോ തവണ വല കുലുക്കി. 2018ല്‍ നാല് തവണയാണ് എതിരാളികളുടെ നെഞ്ച് തുളച്ച് പോസ്റ്റിലേക്ക് താരം പന്ത് അടിച്ച് കയറ്റിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ.

കഴിഞ്ഞ ലോകകപ്പിലും റോണോ ഗോള്‍ കണ്ടെത്തി. ഒരു ഗോളാണ് 2021ല്‍ താരം നേടിയത്. ഇതോടെയാണ് ഈ നേട്ടം പറങ്കിപ്പടയുടെ കപ്പിത്താന്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഇടം പിടിച്ചിരിക്കുന്നത് ഗ്രൂപ്പ് കെ -യിലാണ്. കൊളംബിയ, ഉസ്‌ബെക്കിസ്ഥാന്‍, ഡി.ആര്‍ കോംഗോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17നാണ് റോണോയുടെ ടീമിന്റെ ആദ്യ മത്സരം. ഡി.ആര്‍. കോംഗോയാണ് എതിരാളികള്‍.

Content Highlight: 2026 FIFA World Cup: Cristiano Ronaldo is only player to score in five different edition of  the World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more