| Thursday, 13th August 2026, 8:13 am

എംബാപ്പെയോ കെയ്‌നോ; ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് വിറ്റിഞ്ഞ, അവസരം ലഭിച്ചാല്‍ സഹതാരത്തിന് നല്‍കുമെന്ന് വെളിപ്പെടുത്തല്‍

ആദർശ് എം.കെ.

2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹരായ കളിക്കാരെക്കുറിച്ച് പാരീസ് സെന്റ് ജെര്‍മെയ്ന്‍ മിഡ്ഫീല്‍ഡര്‍ വിറ്റിഞ്ഞ. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം താരം കിലിയന്‍ എംബാപ്പെയും ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ ഹാരി കെയ്‌നും ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹതയുള്ള പ്രമുഖരാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്ക് അവസരം ലഭിച്ചാല്‍ സ്വന്തം പി.എസ്.ജി സഹതാരങ്ങളില്‍ ഒരാള്‍ക്ക് ഈ പുരസ്‌കാരം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

വിറ്റിഞ്ഞ. Photo: PSG/x.com

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പോര്‍ച്ചുഗീസ് താരം വിറ്റിഞ്ഞ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ബാലണ്‍ ഡി ഓര്‍? എനിക്ക് നല്‍കാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ അത് ഒരു പി.എസ്.ജി താരത്തിന് നല്‍കും. എങ്കിലും കെയിന്‍ അല്ലെങ്കില്‍ എംബാപ്പെ എന്നിവരെപ്പോലെ മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരും മത്സരരംഗത്തുണ്ട്,’ അദ്ദേഹം പറഞ്ഞു.

ബാലണ്‍ ഡി ഓര്‍

റയല്‍ മാഡ്രിഡിനായി കഴിഞ്ഞ സീസണില്‍ 44 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളും 7 അസിസ്റ്റുകളും നേടിയാണ് എംബാപ്പെ ഒരിക്കല്‍ക്കൂടി തന്റെ കന്നി ബാലണ്‍ ഡി ഓറിലേക്ക് കണ്ണുവെക്കുന്നത്.

ലാ ലിഗ പിച്ചിച്ചി ട്രോഫിയും ചാമ്പ്യന്‍സ് ലീഗ് ഗോള്‍ഡന്‍ ബൂട്ടുമാണ് കഴിഞ്ഞ സീസണില്‍ റയലിനൊപ്പം താരം സ്വന്തമാക്കിയത്.

എംബാപ്പെ

കൂടാതെ 2026 ഫിഫ ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളോടെ ടോപ് സ്‌കോററുമായി. ഫ്രാന്‍സിനെ സെമി ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കും എംബാപ്പെയ്ക്കുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി 51 മത്സരങ്ങളില്‍ നിന്ന് 61 ഗോളുകളും 7 അസിസ്റ്റുകളും നേടി യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് ഹാരി കെയ്ന്‍ ബാലണ്‍ ഡി ഓര്‍ റെയ്‌സില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഹാരി കെയ്ന്‍

ലോകകപ്പില്‍ ഇംഗ്ലണ്ടിനായി 7 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളും നേടി. ഇംഗ്ലണ്ടിനെ സെമിയിലേക്ക് നയിക്കുന്നതിലും താരം പ്രധാന പങ്ക് വഹിച്ചിരുന്നു.

ഒസ്മാനെ ഡെംബലെയാണ് സാധ്യതാ പട്ടികയില്‍ മുമ്പിലുള്ള മറ്റൊരു താരം. പി.എസ്.ജിയുടെ സെക്‌സറ്റപ്പിള്‍ കിരീടനേട്ടത്തില്‍ താരം നിര്‍ണായക സാന്നിധ്യമായിരുന്നു.

40 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളും 11 അസിസ്റ്റുകളും നേടി. ലോകകപ്പില്‍ ഫ്രാന്‍സിനായി 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.

ഒസ്മാനെ ഡെംബലെ

ടീം നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പി.എസ്.ജി നിരയില്‍ ബാലണ്‍ ഡി ഓറിന് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം ഡെംബെലെയാണ്.

2026 ഒക്ടോബര്‍ 26 തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലണ്ടനിലാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങ് നടക്കുന്നത്.

Content Highlight: 2026 Ballon d’Or: Vitinha says Harry Kane and Mbappé are deserving.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more