ഇന്ത്യൻ ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 10ന് ആരംഭിക്കും. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സിയും സ്പോർട്ടിങ് ക്ലബ്ബ് ദൽഹിയുമാണ് ഏറ്റുമുട്ടുക.
ഇത്തവണ 163 മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ഈ സീസണിൽ 13 ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ഓരോ ദിവസവും രണ്ട് വീതം മത്സരങ്ങളാണ് നടക്കുക.
ജംഷഡ്പൂർ എഫ്.സിയാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കാത്ത ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ വേണ്ടി എ.ഐ.എഫ്.എഫ് നിശ്ചയിച്ച പങ്കാളിത്ത ഫീസ് നൽകാൻ സാധിക്കാത്തതിന് പിന്നാലെയാണ് ജംഷഡ്പൂർ ഐ.എസ്.എല്ലിനോട് വിട പറഞ്ഞത്.
ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സും ഇത്തവണ പോരാട്ടത്തിനിറങ്ങുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒക്ടോബർ 11ന് ഇന്റർകാശിക്കെതിരെയാണ്. എതിരാളികളുടെ തട്ടകത്തിൽ വെച്ചായിരിക്കും കൊമ്പന്മാർ സീസണിലെ ആദ്യ മത്സരം കളിക്കുക.
ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം ഒക്ടോബർ 25നാണ് നടക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് കേരളത്തിന്റെ എതിരാളികൾ.
ഏറെ പ്രതിസന്ധികൾ മറികടന്നാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. ഈ സീസണിൽ പുതിയ ഉടമകൾക്ക് കീഴിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ ഉടമകളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഇതുവരെ ടീമിന്റെ പ്രീ സീസൺ ആരംഭിച്ചിട്ടുമില്ല. എങ്കിലും പ്രതിസന്ധികളെല്ലാം തരണം ചെയ്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.
ഐ.എസ്.എൽ 2026 കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഘട്ട ഷെഡ്യൂൾ
കേരള ബ്ലാസ്റ്റേഴ്സ് vs ഇന്റർകാശി – ഒക്ടോബർ 11 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഒക്ടോബർ 18 – ഹോം
കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ സിറ്റി എഫ്.സി – ഒക്ടോബർ 25 – ഹോം
കേരള ബ്ലാസ്റ്റേഴ്സ് vs ചെന്നൈയിൻ എഫ്.സി – ഒക്ടോബർ 31 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs എഫ്.സി ഗോവ – നവംബർ 29 – എവേ
കേരള ബ്ലാസ്റ്റേഴ്സ് vs ചർച്ചിൽ ബ്രദേഴ്സ് – ഡിസംബർ 6 – ഹോം
Content Highlight: 2026-27 Indian super league Kerala Blasters schedule