2025 വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വമ്പന്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് വനിതകള്‍ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് വെറും 20.4 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു പ്രോട്ടിയാസ്. മറുപടി ബാറ്റിങ്ങില്‍ 14.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 73 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
പരാജയത്തിന് പുറമെ ഒരു നാണംകെട്ട റെക്കോഡും സൗത്ത് ആഫ്രിക്കന്‍ ടീമിന് തലയിലേറ്റേണ്ടി വന്നിരിക്കുകയാണ്. വനിതാ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലും ഇതാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് സൗത്ത് ആഫ്രിക്ക ഇത്തരത്തില്‍ വീണ്ടും മോശം സ്‌കോര്‍ രേഖപ്പെടുത്തുന്നത്.
51 റണ്‍സ് – ന്യൂസിലാന്‍ഡ് – 2009
63 റണ്‍സ് – പാകിസ്ഥാന്‍ – 2019
69 റണ്‍സ് – ഇംഗ്ലണ്ട് – 2025
75 റണ്‍സ് – ബംഗ്ലാദേശ് – 2012
77 റണ്‍സ് – ഇംഗ്ലണ്ട് – 2013
മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍മാരായ തംസിന്‍ ബ്യൂമോണ്ടും ആമി ജോണ്‍സും നടത്തിയത്. തംസിന്‍ 35 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 21 റണ്‍സും ആമി 50 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സുമാണ് സ്വന്തമാക്കിയത്.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സിനാലോ ജാഫ്തയ്ക്ക് മാത്രമാണ് രണ്ടക്കം നേടാന്‍ സാധിച്ചത്. 36 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സാണ് താരം നേടിയത്.
ടോപ്പ് ഓര്‍ഡര്‍ ടാര്‍ഗറ്റ് ചെയ്ത് കൃത്യമായി തകര്‍ക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ സാധിച്ചത് സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ വലിയ രീതിയില്‍ സമ്മര്‍ദം കൊണ്ടുവരികയായികുന്നു. മാത്രമല്ല കൃത്യമായ ഇടവേളകളില്‍ എതിരാളികളുടെ വിക്കറ്റ് തെറിപ്പിക്കുന്നതില്‍ വിജയിക്കുകയായിരുന്നു ഇംഗ്ലണ്ട് ബൗളര്‍മാര്‍. ബൗളിങ്ങില്‍ ത്രീ ലയണ്‍സിന് വേണ്ടി ലിന്‍സി സ്മിത് മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്.
നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം ഏഴ് റണ്‍സ് വിട്ടുനല്‍കിയാണ് താരത്തിന്‍ വിക്കറ്റ് വേട്ട. കൂടാതെ 1.75 എന്ന മികച്ച എക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം. താരത്തിന് പുറമെ നാറ്റ് സൈവര്‍ ബ്രണ്ട്, സോഫി എക്കല്‍സ്റ്റോണ്‍, ചാര്‍ളി ഡീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ലോറന്‍ ബെല്‍ ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: 2025 Womens World Cup: South Africa In Unwanted Record Against England Womens