| Wednesday, 3rd September 2025, 7:09 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശമടങ്ങും മുമ്പേ ലോകകപ്പിന്; സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

2025 വനിതാ ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ലോറ വോള്‍വാര്‍ഡിനെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് പ്രോട്ടിയാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് തന്നെയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. 17കാരിയായ വിക്കറ്റ് കീപ്പര്‍ കാരാബോ മെസോ ലോകകപ്പ് ടീമില്‍ സ്‌ക്വാഡില്‍ ഇടം നേടി. സിനാലോ ജാഫയുടെ ബാക്ക് അപ്പായാണ് താരം സ്‌ക്വാഡില്‍ ഇടം പിടിച്ചിരിക്കുന്നത്. 2023, 2025 അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിച്ച താരമാണ് മെസോ.

സൂപ്പര്‍ താരങ്ങളായ മാരിസന്‍ കാപ്പ്, ടാസ്മിന്‍ ബ്രിറ്റ്‌സ് എന്നിവരും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോകകപ്പിനുള്ള സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), അന്നേക് ബോഷ്, താസ്മിന്‍ ബ്രിറ്റ്‌സ്, നാദിന്‍ ഡെ ക്ലെര്‍ക്, അന്നെറി ഡെറിക്‌സണ്‍, സിനാലോ ജാഫ, മാരിസന്‍ കാപ്പ്, അയബോംഗ ഖാക, മസബാത ക്ലാസ്, സൂന്‍ ലസ്, കരാബോ മെസോ, നോന്‍കുലോകോ എംലാബ, തുമി സെഖുഖുനെ, നോന്‍ഡുമിസോ ഷാന്‍ഗാസ്, ക്ലോ ട്രയോണ്‍.

ഒക്‌ടോബര്‍ മൂന്നിനാണ് സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

പ്രോട്ടിയാസിന്റെ അടുത്ത ആറ് മത്സരങ്ങള്‍ വിശാഖപട്ടണം, ഇന്‍ഡോര്‍, കൊളംബോ എന്നിവിടങ്ങളിലായാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊളംബോയില്‍ പാകിസ്ഥാനെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേരിടാനുള്ളത്.

2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന ഐ.സി.സി ടൂര്‍ണമെന്റുകളിലൊന്നും തന്നെ പാകിസ്ഥാന്‍ ഇന്ത്യയിലെത്തി കളിക്കില്ല എന്ന് നിലപാടെടുത്തതോടെയാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകുന്നത്.

പാകിസ്ഥാന്റെ പ്രകടനം അനുസരിച്ചാകും ഫൈനല്‍ അടക്കമുള്ള നോക്ക്ഔട്ട് മാച്ചുകളുടെ വേദികള്‍ തീരുമാനിക്കപ്പെടുക. അതായത് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാന്‍ ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കലാശപ്പോരാട്ടത്തിനും ശ്രീലങ്കയാകും വേദിയാവുക.

നിലവില്‍ രണ്ട് സെമി ഫൈനലിനും ഫൈനലിനുമുള്ള വേദികളും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഒരു സെമി ഫൈനലിന് ആതിഥേയത്വം വഹിക്കുക. ഗുവാഹത്തിയിലോ കൊളംബോയിലെ ആകും മറ്റൊരു സെമി ഫൈനല്‍ മത്സരം നടക്കുക.

പാകിസ്ഥാന്റെ പ്രകടനമാണ് രണ്ടാം വേദി തീരുമാനിക്കുക. പാകിസ്ഥാന്‍ സെമിയിലെത്തുകയാണെങ്കില്‍ കൊളംബോയിലും അല്ലെങ്കില്‍ ഗുവാഹത്തിയിലും മത്സരം അരങ്ങേറും.

നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിന്റെ അവസ്ഥയും സമാനമാണ്. പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയാല്‍ കൊളംബോയിലും അല്ലാത്തപക്ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലാകും ഫൈനല്‍ അരങ്ങേറുക.

Content Highlight: 2025 Women’s World Cup; South Africa squad

We use cookies to give you the best possible experience. Learn more