| Saturday, 13th December 2025, 12:31 pm

തീ തുപ്പുന്ന വര്‍ഗീയതയെ എല്‍.ഡി.എഫ് പ്രോത്സാഹിപ്പിച്ചു, ശബരിമല ജനങ്ങളുടെ ഹൃദയത്തില്‍ തൊട്ടു: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്നും കൂനിന്മേല്‍ കരുവെന്ന പോലെ ശബരിമല വിഷയവും വന്നുപെട്ടെന്നും മാധ്യമങ്ങളോട് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘മറ്റുവിഷയങ്ങളെല്ലാം വന്നുപോയിക്കൊണ്ടിരിക്കും. ശബരിമല ജനങ്ങളുടെ ഹൃദയത്തില്‍ തൊട്ടു. തീ തുപ്പുന്ന വര്‍ഗീയത, കേട്ടാല്‍ അറപ്പുളവാക്കുന്ന വര്‍ഗീയതയെ എല്‍.ഡി.എഫ് പ്രാത്സാഹിപ്പിച്ചു. അത് കേരളം അംഗീകരിക്കില്ല എന്നതിന്റെ തെളിവാണിത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ സകലമേഖലയിലും വലിയ തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന അപ്രമാദിത്വം ഇത്തവണ ഇടതിന് തുടരാന്‍ സാധിച്ചില്ല.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ഇടതിന് കാലിടറി.

കഴിഞ്ഞ തവണ അഞ്ച് കോര്‍പ്പറേഷനുകള്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ഇത്തവണ ഒരിടത്ത് മാത്രമാണ് ഇടതിന് മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നത്. നാലിടങ്ങളില്‍ യു.ഡി.എഫ് കരുത്ത് കാട്ടിയപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ കരുത്ത് കാട്ടുകയാണ്.

പലയിടങ്ങളിലും ശക്തികേന്ദ്രങ്ങളില്‍ പോലും ഇടതിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദടക്കം പല വലിയ പേരുകാരും പരാജയപ്പെട്ടു.

Content Highlight: 2025 Local Body Election: PK Kunjalikkutty slams LDF

We use cookies to give you the best possible experience. Learn more