കല്‍പ്പറ്റ: ദുരന്തം സകലതും കവര്‍ന്നെടുത്ത മുണ്ടക്കൈ-ചൂരല്‍മലയില്‍ എല്‍.ഡി.എഫിന് വിജയം. മേപ്പാടി പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐ.എം കല്‍പറ്റ ഏരിയ കമ്മിറ്റി അംഗമായ കെ.കെ. സഹദ് വിജയിച്ചത്. അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സഹദിന്റെ വിജയം.
സഹദ് 761 വോട്ടുകള്‍ നേടിയപ്പോള്‍ 756 വോട്ടുകളാണ് മുസ്‌ലിം ലീഗിന്റെ മന്‍സൂര്‍ കെയ്ക്ക് നേടാന് സാധിച്ചത്. ബി.ജെ.പിയുടെ വിജയന്‍ 156 വോട്ട് നേടിയപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച സിദ്ദിഖ് 71 വോട്ടും നേടി.
ചൂരല്‍മലയ്ക്ക് പുറമെ ആട്ടമല, പുത്തുമല വാര്‍ഡുകളും എല്‍.ഡി.എഫ് സ്വന്തമാക്കി.
ആട്ടമലയില്‍ സി.പി.ഐയുടെ ഷൈജ ബേബി 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി. കോണ്‍ഗ്രസിന്റെ ഷീജ ടീച്ചറെയാണ് പരാജയപ്പെടുത്തിയത്.
ഷൈജ ബേബി 333 വോട്ട് നേടിയപ്പോള്‍ ഷീജ ടീച്ചര്‍ 260ലൊതുങ്ങി. ബി.ജെ.പിയുടെ റീന ടീ. 36 വോട്ട് മാത്രം നേടി നാലാം സ്ഥാനത്തേക്ക് വീണു. 52 വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെത്തി.
സി.പി.ഐ.എമ്മിന്റെ സി. സീനത്തിലൂടെയാണ് എല്‍.ഡി.എഫ് പുത്തുമലയില്‍ ജയിച്ചുകയറിയത്. 132 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് ഇടതുസ്ഥാനാര്‍ത്ഥി സ്വന്തമാക്കിയത്.
സീനത്ത് 278 വോട്ട് പിടിച്ചപ്പോള്‍ ബി.ജെ.പിയുടെ സുഹാസിനി പി. 146 വോട്ടുമായി രണ്ടാമതെത്തി. 121 വോട്ടുമായി കോണ്‍ഗ്രസിന്റെ രമണി ടീച്ചറാണ് മൂന്നാമത്.
Content Highlight: 2025 Local Body Election: LDF wins in Mundakai-Churalmala region