കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി. മീഞ്ചന്ത വാര്‍ഡില്‍ മത്സരിച്ച മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടു. കഴിഞ്ഞ ടേമിലെ ഡെപ്യൂട്ടി മേയര്‍ കൂടിയാണ് മുസാഫര്‍ അഹമ്മദ്.
യു.ഡി.എഫിലെ എസ്.കെ അബൂബക്കറിനോടാണ് മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടത്. 92 വോട്ടിന്റെ ലീഡിലാണ് യു.ഡി.എഫിന്റെ വിജയം.
എസ്.കെ. അബൂബക്കര്‍ 1327 വോട്ട് സ്വന്തമാക്കിയപ്പോള്‍ മുസാഫര്‍ അഹമ്മദ് 1235 വോട്ടിലൊതുങ്ങി. ബി.ജെ.പിയുടെ ഷിജു 498 വോട്ട് സ്വന്തമാക്കി.
വിജയിച്ച സ്ഥാനാര്‍ത്ഥി അബൂബക്കറിന്റെ അപരനായി മത്സരിച്ച വി.എസ്. അബൂബക്കര്‍ 21 വോട്ട് നേടിയപ്പോള്‍ മുസാഫര്‍ അഹമ്മദിന്റെ അപരന്‍ മുസാഫിര്‍ വി. 23 വോട്ടും സ്വന്തമാക്കി.
കോഴിക്കോട് കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പി.എം. നിയാസും പരാജയപ്പെട്ടിരുന്നു. കോര്‍പ്പറേഷന്‍ വാര്‍ഡ് 12, പാറോപ്പടിയിലായിരുന്നു നിയാസിന്റെ പരാജയം.
യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്ന സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടിരുന്നു.
ആ സ്ഥാനത്തേക്ക് പകരക്കാരാനായി എത്തിയ പി.എം നിയാസ് എല്‍.ഡി.എഫിന്റെ അര നൂറ്റാണ്ടോളം നീണ്ട ഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Content Highlight: 2025 Local Body Election: LDF’s Mayor candidate CP Musafar Ahamed lost