| Saturday, 13th December 2025, 3:45 pm

പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു, ബി.ജെ.പിയെ ഒപ്പം കൂട്ടി ഇല്ലാതാക്കാമെന്ന മോഹത്തിനേറ്റ തിരിച്ചടി: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതിയ സി.പി.ഐ.എമ്മിന് ലഭിച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

‘ഒമ്പത് വര്‍ഷമായി പിണറായി വിജയന്‍ കേരളം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ചുമ്മാ വര്‍ത്തമാനം പറയുക എന്നതിനല്ലാതെ.

കള്ളപ്പണവും കൊള്ളപ്പണവും കൊണ്ട് പണം സാമ്പാദിക്കാനുള്ള ഏകമാര്‍ഗം കണ്ടെത്തലാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം, മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനം അതായിരുന്നു,’ മാധ്യമങ്ങളോട് സംസാരിക്കവെ കെ. സുധാകരന്‍ പറഞ്ഞു.

ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റുക എന്നതാണ് കാലാ കാലങ്ങളായി യു.ഡി.എഫ് ചെയ്തുവരുന്നതെന്നും, ഇപ്പോഴും അത് മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതിയ സി.പി.ഐ.എമ്മിനുണ്ടായ കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

രാഷ്ട്രീയപ്രവര്‍ത്തനവും ജനങ്ങളോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റുക എന്നത് കാലാകാലങ്ങളായി യു.ഡി.എഫ് ചെയ്തു വരുന്നതാണ്. അതേ ഇപ്പോഴും ചെയ്തിട്ടുള്ളൂ.

ജനം യു.ഡി.എഫിനൊപ്പം നിന്നു. അതിനുള്ള കാരണം എന്താണെന്ന് പിണറായി വിജയനും ഇടതുപക്ഷവും പുനരാലോചിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: 2025 Local Body Election, K Sudhakaran slams Pinarayi Vijayan

We use cookies to give you the best possible experience. Learn more