| Thursday, 27th March 2025, 8:21 am

തിരുത്തിയത് സ്വന്തം റെക്കോഡ്; കൊല്‍ക്കത്തയുടെ ഫയര്‍മാന്‍ ജ്വലിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും തോല്‍വി. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാന്‍ നേരിടേണ്ടി വന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സായിരുന്നു നേടിയത്. എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ 153 റണ്‍സ് നേടി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്. 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെയാണ് ഡി കോക് രാജസ്ഥാനെ പഞ്ഞിക്കിട്ടത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ തന്റെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് താരം നേടിയത്. മാത്രമല്ല ടൂര്‍ണമെന്റില്‍ നോട്ട് ഔട്ടില്‍ ഡി കോക് നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 140* റണ്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

ഐ.പി.എല്ലില്‍ ക്വിന്റണ്‍ ഡി കോക് നേടുന്ന ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വേദി, വര്‍ഷം

140* (70) – കൊല്‍ക്കത്ത – മുംബൈ – 2022

108 (51) – ആര്‍.സി.ബി – ബെംഗളൂരു – 2016

97* (61) – രാജസ്ഥാന്‍ റോയല്‍ – ഗുവാഹത്തി – 2025

മത്സരത്തില്‍ കോക്കിന് പുറമെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഗ്രിഷ് രഘുവാന്‍ഷി 17 പന്തില്‍ 22 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാന 15 പന്തില്‍ നിന്ന് 18 റണ്‍സാണ് നേടയത്. രാജസ്ഥാന് വേണ്ടി വാനിന്ദു ഹസരംഗയ്ക്കാണ് വിക്കറ്റ് നേടാന്‍ സാധിച്ചത്. മൊയീന്‍ അലിയെ മഹീഷ് തീക്ഷണ റണ്‍ ഔട്ട് ചെയ്യുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. 11 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ 13 റണ്‍സാണ് സഞ്ജു നേടിയത്.

ക്യാപ്റ്റനായി എത്തിയ റിയാന്‍ പരാഗ് 15 പന്തില്‍ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 29 റണ്‍സും നേടി കൂടാരം കയറി. മധ്യനിരയില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി ടീമിന് തുണയായത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലാണ്. 28 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല.

Content Highlight: 2025 IPL: Quinton D Kock In Record Achievement

We use cookies to give you the best possible experience. Learn more