| Friday, 14th March 2025, 7:38 pm

ക്യാപ്റ്റന്‍സിയില്‍ അവന് വലിയ പരിചയമില്ല: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ക്യാപ്പിറ്റല്‍സ് പുതിയ സീസണില്‍ തങ്ങളുടെ നായകനാക്കിയിരിക്കുന്നത്.

ക്യാപ്റ്റനാകാനില്ലെന്ന് കെ.എല്‍. രാഹുല്‍ അറിയിച്ചതോടെയാണ് അക്സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത്. നേരത്തെ തന്നെ ദല്‍ഹി അക്സറിനെ തന്നെ ക്യാപ്റ്റനാക്കാന്‍ സാധ്യതയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇപ്പോള്‍ അക്‌സര്‍ പട്ടേലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ക്യാപ്റ്റന്‍സിയില്‍ അക്‌സറിന് വലിയ അനുഭവ പരിചയം ഇല്ലെന്നും എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ അക്‌സര്‍ മികച്ച താരമാണെന്നും ദല്‍ഹിക്ക് വേണ്ടി മികവ് പുലര്‍ത്താന്‍ അക്‌സറിന് സാധിക്കുമെന്നും ചോപ്ര പറഞ്ഞു.

ചോപ്ര പറഞ്ഞത്

‘റിഷബ് പന്ത് പോയി, അക്‌സര്‍ പട്ടേലാണ് പുതിയ ക്യാപ്റ്റന്‍. പുതിയൊരു ക്യാപ്റ്റനെ ദല്‍ഹിക്ക് ആവശ്യമായിരുന്നു. കെ.എല്‍. രാഹുല്‍, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയ കുറച്ച് താരങ്ങള്‍ ഈ സ്ഥാനത്തേക്ക് ഉണ്ടായിരുന്നു, പക്ഷേ ദല്‍ഹി ക്യാപിറ്റല്‍സ് അകസര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോയി.

ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന് വലിയ പരിചയമില്ല, പക്ഷേ ഒരു കളിക്കാരനെന്ന നിലയില്‍ വളര്‍ന്നു പക്വത അവനുണ്ട്. ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ടീം നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളായിരുന്നു അവന്‍. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നു. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.

2025 ഐ.പി.എല്‍ മെഗാ താര ലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാളായിരുന്നു അക്‌സര്‍ പട്ടേല്‍. ക്യാപ്റ്റന്‍ റിഷബ് പന്തിനെയടക്കം ലേലത്തില്‍ വിട്ടുകൊടുത്ത ക്യാപ്പിറ്റല്‍സ് അക്‌സറിനെ വിടാതെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു.

നേരത്തെ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലും ഈയിടെ അവസാനിച്ച ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ കിരീടനേട്ടത്തില്‍ അക്സര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

അതേസമയം 2025 ഐ.പി.എല്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

Content Highlight: 2025 IPL: Akash Chopra Talking About Axar Patel

We use cookies to give you the best possible experience. Learn more