ന്യൂദല്‍ഹി: 2020ലെ ദല്‍ഹി കലാപത്തിനിടെ ഒരു മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ 12 പേരെ വെറുതെ വിട്ട് ദല്‍ഹി കോടതി. ദൃക്സാക്ഷി മൊഴികളിലെ വലിയ വൈരുദ്ധ്യങ്ങളും ശക്തമായ തെളിവുകളുടെ അഭാവവും മൂലം കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ, ബാദ്ഷാ എന്ന സുമിത് ചൗധരി, ഫൗസി എന്ന അങ്കിത് ചൗധരി, പ്രിന്‍സ് എന്ന ഡി. ജെ. വാല, തപസ് എന്ന റിഷബ് ചൗധരി, രോഹിത് എന്ന ജതിന്‍ ശര്‍മ, നന്ദു എന്ന വിവേക് പഞ്ചല്‍, ഹിമാന്‍ഷു താക്കൂര്‍, ബാബു എന്ന സാഹില്‍, മോഗ്ലി എന്ന സന്ദീപ്, ടിങ്കു അറോറ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ദല്‍ഹി സെഷന്‍സ് കോടതി ജഡ്ജി പ്രവീണ്‍ സിങ്ങിന്റേതാണ് ഈ വിധി.
2020ല്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ കലാപത്തിനിടെ കൊല്ലപ്പെട്ട ഭാഗീരഥി വിഹാര്‍ സ്വദേശി മുഷറഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കൊലപാതകം, കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങി നിരവധി വകുപ്പുകളായിരുന്നു കുറ്റാരോപിതരുടെ മേല്‍ ചുമത്തിയിരുന്നത്.
2020 ഫെബ്രുവരി 27ന് മേഖലയിലെ ഒരു അഴുക്ക് ചാലില്‍ നിന്നാണ് മുഷറഫിന്റെ ശരീരം കണ്ടെടുത്തത്. ഫെബ്രുവരി 25ന് രാത്രിയില്‍ 150- 200 ഓളം ആളുകള്‍ വീട്ടിലേക്ക് ഇരച്ച് കയറി മുഷ്‌റഫിനെ ബലമായി പിടിച്ചിറക്കി കൊലപ്പെടുത്തിയെന്നും പിന്നീട് ശരീരം അഴുക്ക് ചാലില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു പോസിക്യൂഷന്റെ ആരോപണം.
ഏപ്രില്‍ 21നാണ് ദല്‍ഹി കോടതി കുറ്റാരോപിതരെ വെറുതവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് കുറ്റം സംശയാതീയമായി തെളിക്കാന്‍ സാധിച്ചില്ലെന്നും കുറ്റാരോപിതരെ സംശയത്തിന്റെ ആനൂകൂല്യത്തിൽ വെറുതെ വിടുന്നുവെന്നായിരുന്നു കോടതി വിധി.
കൊലപാതകം കണ്ടുവെന്ന് അവകാശപ്പെടുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ പങ്കാളിയുടെയും മകളുടെയും മൊഴികളെയാണ് പോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചിരുന്നതെന്നും ഈ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാളുടെ പങ്കാളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകം കണ്ടതായി ആരോപണമുന്നയിച്ചിട്ടും അത് പൊലീസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
‘മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസങ്ങളുണ്ട്. ഇത് വളരെ നിസാരമാണെങ്കിലും ഇവ ഒരുമിച്ച് വിലയിരുത്തുമ്പോള്‍ പരസ്പര വിരുദ്ധമാണ്. അത് നിര്‍ണായക വിവരങ്ങളെ വിശ്വാസയോഗ്യമല്ലാതാക്കുന്നു.
പങ്കാളി മരണപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷവും പൊലീസിനെയോ ബന്ധുക്കളെയോ അവര്‍ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഷറഫ് കൊല്ലപ്പെട്ട വിവരം സ്വന്തം മകളോട് പോലും വെളിപ്പെടുത്താത്തത് അസ്വാഭാവികമാണ്. ഒരു സാധാരണ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിക്കാനാവില്ല,’ കോടതി നിരീക്ഷിച്ചു.
മുഷറഫിന്റെ വീടിന്റെ സമീപത്തുള്ള കുറ്റാരോപിതരുടെ സാന്നിധ്യം കൊലപാതകത്തിന് തെളിവെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കോൾ ഡീറ്റെയില്‍ റെക്കോർഡുകൾ (സി.ഡി.ആര്‍) പരിഗണിച്ച് ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ലോകേഷ് സോളാങ്കിയില്‍ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളില്‍ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാണെങ്കിലും നേരത്തെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അതേ കുറ്റത്തിന് വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: 2020 Delhi riots: Delhi Court acquits 12 accused of murdering Muslim man