| Thursday, 21st March 2019, 11:27 am

കരുത്തോടെ പറക്കാന്‍ ഡ്യൂക്ക് 790

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരുത്തും കാര്യക്ഷമതയും വര്‍ധിപ്പിച്ച് പുതിയ 790 ഡ്യൂക്കിന്റെ കൂട്ട് പിടിച്ച് വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കെടിഎം 790 ഡ്യൂക്ക് അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയിരിക്കും ഇനി വരാന്‍ പോകുന്നതന്നാണ് സൂചന. സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക ഘടകമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ പുറത്തിറക്കാനാണ് കെടിഎമ്മിന് പദ്ധതി. അതോടൊപ്പം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി പുതിയ ബൈക്കിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചെന്നും സൂചനയുണ്ട്.
ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ 790 ഡ്യൂക്ക് ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം 790 ഡ്യൂക്കില്‍ 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഉള്ളത്. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി ഈ എഞ്ചിനുണ്ട്.

വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റാണ് ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് കൂടുതല്‍ കരുത്തുറ്റതാക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഡബിള്‍ ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കിന്റെ പ്രത്യേകതയായി എടുത്തുപറയാം.

സിക്‌സ് സ്പീഡ് ഗിയര്‍ബോക്സും ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും 790 ഡ്യൂക്കിനുണ്ട്.
ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളിലെ ടിഎഫ്ടി കളര്‍ ഡിസ്പ്ലേയും പുതിയ മോഡലിന്റെ പ്രത്യേകതയായി പരിഗണിക്കാം. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളുണ്ട് 790 ഡ്യൂക്കില്‍. ഇതിനുപുറമെ ഉയര്‍ന്ന പ്രകടനക്ഷമത കാണിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിന്റെ സവിശേഷതയാണ്.169 കിലോ ഭാരമുള്ള മോഡലിന്റെ ഇന്ധനശേഷി 14 ലിറ്ററാണ്.
വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം.

We use cookies to give you the best possible experience. Learn more