| Tuesday, 15th May 2012, 12:04 pm

ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചു; 80.08% വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം 88.08% വിജയശതമാനം. വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 112 സ്‌കൂളുകള്‍ക്ക് 100% വിജയം നേടി.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. 3334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍. ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ തൃശൂര്‍ ജില്ലയില്‍നിന്നാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 91.17 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠത്തിന് യോഗ്യത നേടിയത്. കഴിഞ്ഞവര്‍ഷം ഇത് 90% ആയിരുന്നു.

മാര്‍ച്ച് 12 മുതല്‍ 26 വരെയായിരുന്നു ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടന്നത്. ആകെ 55 മൂല്യനിര്‍ണയ ക്യാമ്പുകളാണുണ്ടായിരുന്നത്. പരീക്ഷയില്‍ 2.92 ലക്ഷം വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 73,000 പേരും വി.എച്ച്.എസ്.ഇ അടക്കം മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

എഞ്ചിനിയറിംഗ് പ്രവേശനത്തിന് ഹയര്‍സെക്കന്ററി മാര്‍ക്ക് കൂടി പരിഗണിക്കുന്നതിനാല്‍ കെമിസ്ട്രി, ഫിസിക്‌സ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഇരട്ടമൂല്യനിര്‍ണയം ഇത്തവണയും നടത്തിയിട്ടുണ്ട്.

പരീക്ഷാഫലം www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഫലവും സ്‌കൂളുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.

പരീക്ഷാഫലം ഫോണിലും എസ്.എം.എസ് വഴിയും അറിയാന്‍ കേരള സ്‌റ്റേറ്റ് ഐ.ടി.മിഷന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എസ്.എം.എസ് വഴി അറിയാന്‍ വലെ < സ്‌പേസ്> രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252 ലേക്ക് മെസേജ് ചെയ്യണം. ഫോണില്‍ ഫലം അറിയാനുള്ള സിറ്റിസണ്‍ കോള്‍സെന്റര്‍ നമ്പറുകള്‍: ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ 155300, മൊബൈല്‍ 0471155300. മറ്റ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് 04712335523, 04712115054, 04712115058 നമ്പറുകളില്‍ വിളിക്കണം.

Malayalam news

We use cookies to give you the best possible experience. Learn more