ജയ്പൂര്‍: 2023നും 2025നുമിടയില്‍ രാജസ്ഥാനില്‍ 20 കസ്റ്റഡി മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കൂടുതല്‍ പേരും മരിച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 12 പേരാണ് ഹൃദയാഘാതമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കസ്റ്റഡിയില്‍ മരണപ്പെട്ടത്. അതില്‍ തന്നെ ആറ് പേരുടെ മരണത്തിന്റെ കാരണം ഹൃദയാഘാതമാണ്.
ഈ മരണങ്ങളില്‍ ആറെണ്ണം ആത്മഹത്യകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ കിണറ്റില്‍ വീണ് മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ഈ മരണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരാളുടെ മരണകാരണത്തില്‍ ഇനിയും വ്യക്തതയില്ല.
കോണ്‍ഗ്രസ് എം.എല്‍.എ റഫീഖ് ഖാന്‍ കസ്റ്റഡി മരണങ്ങളെ കുറിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി നല്‍കിയ റിപ്പോര്‍ട്ടിലാണ് രണ്ട് വര്‍ഷത്തിനിടയില്‍ 20 മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.
ഇത്തരം കസ്റ്റഡി മരണങ്ങളില്‍ 13 എണ്ണത്തില്‍ ഇപ്പോഴും അന്വേഷണം നടന്നുവരികയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ഏഴ് കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം സ്വാഭാവിക മരണങ്ങളായോ ആത്മഹത്യകളായോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ചില കേസുകളില്‍ പോലീസുകാരുടെ അനാസ്ഥയില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വെച്ച് തടവുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയ്പൂരിലെ ഒരു എസ്.എച്ച്.ഒയെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ശ്രീഗംഗനഗറില്‍, ഒരു കോണ്‍സ്റ്റബിളിന് ഒരു വര്‍ഷത്തേക്ക് ഇന്‍ക്രിമെന്റ് തടഞ്ഞിരുന്നു. ബാരനില്‍ ഒരു എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയും ബീവാറിലെയും ദൗസയിലെയും കോണ്‍സ്റ്റബിള്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ അശ്രദ്ധമൂലം നടന്ന മരണങ്ങളിലും പൊലീസുകാരെ സ്ഥലം മാറ്റുകയോ വകുപ്പ് തല നോട്ടീസുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബീവാറിലെ ജൈതരനില്‍ മെയ് മാസത്തില്‍ ഒരു തടവുകാരന്‍ പുതപ്പ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. സെല്ലില്‍ എങ്ങനെയാണ് കൊടും ചൂടുള്ള കാലത്ത് പുതപ്പ് തടവുകാരന് ലഭിച്ചത് എന്നതാണ് ഈ മരണത്തില്‍ സംശയത്തിനും വിവാദത്തിനും കാരണമായത്.
Content Highlight: 20 custodial death reports in Rajasthan from 2023 to 2025