| Saturday, 11th April 2026, 3:30 pm

തീപാറിയ ക്ലാഷിന് രണ്ട് വര്‍ഷം; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

എത്ര വലിയ സിനിമകള്‍ ഒരുമിച്ച് തിയേറ്ററുകളിലെത്തിയാലും നല്ല സിനിമകളെ ഒരിക്കലും കൈവിടാത്തവരാണ് മലയാള സിനിമാ പ്രേമികള്‍. അടുത്തിടെ പുറത്തിറങ്ങിയ വാഴ 2വിനെയും അതിന് രണ്ടാഴ്ച്ച മുമ്പ് മാത്രം പുറത്തിറങ്ങിയ ആട് 3യെയും നൂറുകോടി ക്ലബ്ബെന്ന സ്വപ്‌ന നേട്ടത്തിലേക്കെത്തിച്ച് പ്രേക്ഷകര്‍ ഇതിന് ഒരിക്കല്‍ കൂടി അടിവരയിട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹിനിയാട്ടത്തെയും പ്രേക്ഷകര്‍ ഇതേ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം. Photo: TOI

ഈ ചിത്രങ്ങളെല്ലാം അരങ്ങ് തകര്‍ക്കുമ്പോഴും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം (ഏപ്രില്‍ 11) വന്ന് ഹിറ്റടിച്ച രണ്ട് വിഷു റിലീസ് ചിത്രങ്ങളിലേക്കാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വവും. പവര്‍ഹൗസുകളില്‍ നിന്നും വരുന്ന ചിത്രങ്ങളെന്ന നിലക്ക് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകളെ നൂറ്റൊന്ന് ശതമാനം തൃപ്തിപെടുത്തുന്നതായിരുന്നു ഇവ രണ്ടും.

വമ്പന്‍ താരനിരയിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രമെന്ന ബ്രാന്‍ഡിങ്ങോട് കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയത്. നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, ആസിഫ് അലി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത താരങ്ങളുമായി വിഷു തൂക്കാനുള്ള മുന്നൊരുക്കത്തോടെയായിരുന്നു വിനീത് എത്തിയത്. തന്റെ എല്ലാ ചിത്രങ്ങളിലും നല്‍കുന്ന പോലെ ഒന്നോ രണ്ടോ ഹിറ്റ് ഗാനങ്ങള്‍ വിനീത് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും നല്‍കിയിരുന്നു. മധു പകരൂ നീ, ന്യാപകം തുടങ്ങി ഏറെ കാലം സോഷ്യല്‍ മീഡിയ ഭരിച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ സംഭാവനയായിരുന്നു.

എന്നാല്‍ വിനീത് ചിത്രത്തിന്റെ ലൈനപ്പിന് തന്റെ രോമത്തില്‍ പോലും തൊടനാകില്ലെന്ന് തെളിയിച്ചായിരുന്നു പവര്‍ഹൗസായ ഫഹദിനെ നായകനാക്കി ആവേശവുമായി ജിത്തു മാധവന്റെ വരവ്. രംഗനെന്ന ഗ്യാങ്‌സ്റ്ററായി ഫഹദ് നിറഞ്ഞാടിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരുന്നു. ആവേശത്തിന്റെ പീക്കില്‍ നിര്‍ത്തുന്ന ഇന്റര്‍വെല്ലും പലയിടങ്ങളിലായി വരുന്ന ഹൈ വോള്‍ട്ട് സീനുകളുമെല്ലാം ചിത്രത്തെ വ്യക്തമായി വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് മുകളില്‍ ആധിപത്യം നേടാന്‍ സഹായിച്ചിരുന്നു.

ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹഫദിനും സജിന്‍ ഗോപുവിനും പുറമെ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയവരെല്ലാവരും പുതുമുഖങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. ജിത്തു മാധവന്റെ കഥപറച്ചിലിനൊപ്പം സുഷിന്‍ ശ്യാമിന്റെ സംഗീതവും കൂടിയായപ്പോള്‍ ബോക്‌സ് ഓഫീസില്‍ ആവേശം കൃത്യമായ ആധിപത്യം പുലര്‍ത്തുകയായിരുന്നു.

ആവേശം. Photo: About Amazon India

155 കോടി രൂപയായിരുന്നു ആവേശം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം 80 കോടിയോളം രൂപ നേടി വര്‍ഷങ്ങള്‍ക്ക് ശേഷവും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് രണ്ട് നല്ല ചിത്രങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണ് 2024 ലെ വിഷുവിന് ലഭിച്ചത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്ന ടൊവിനോയുടെ പള്ളിച്ചട്ടമ്പിയിലും സമാനമായി പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്.

Content Highlight:  2 Years of clash release between Aavesham and Varsshangalk shesham

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more