| Tuesday, 25th November 2025, 3:25 pm

റിലീസാകാത്ത സിനിമയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ച് ആരാധകര്‍, ബുക്ക്‌മൈഷോയെ വരെ പ്രാങ്ക് ചെയ്ത ഗൗതം മേനോനെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റില്‍ എട്ട് വര്‍ഷത്തോളമായി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ആഗ്രഹങ്ങളിലൊന്നാണ് ധ്രുവ നച്ചത്തിരം തിയേറ്ററില്‍ കാണുക എന്നത്. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ 2015ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കഴിഞ്ഞദിവസം ധ്രുവ നച്ചത്തിരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി.

ധ്രുവ നച്ചത്തിരത്തിന്റെ രണ്ടാം വര്‍ഷികം എന്ന ടാഗ്‌ലൈനുള്ള പോസ്റ്റുകള്‍ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. റിലീസാകാത്ത സിനിമയുടെ രണ്ടാം വാര്‍ഷികാഘോഷമെന്ന വിചിത്രമായ കാര്യത്തിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചത്. രണ്ട് വര്‍ഷം മുമ്പ്, 2023 നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ബുക്ക്‌മൈഷോ പോലുള്ള ഓണ്‍ലൈന്‍ ടിക്കറ്റിങ് ആപ്പുകളില്‍ ചിത്രത്തിന്റെ ബുക്കിങ് തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റിലീസ് ദിവസം രാവിലെ കോടതി ഇടപെട്ട് റിലീസ് തടയുകയായിരുന്നു. സംവിധായകന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് റിലീസ് തടയപ്പെട്ടത്. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് വീണ്ടും നീളുകയായിരുന്നു.

‘മൊത്തം സിനിമാപ്രേമികള്‍ക്കും ഗൗതം മേനോന്‍ വക പ്രാങ്ക് ലഭിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം’, ‘ടിക്കറ്റടക്കം ബുക്ക് ചെയ്ത് അവസാനം പറ്റിക്കപ്പെട്ട അനുഭവം വേറൊരു സിനിമക്കും ഉണ്ടായിട്ടില്ല’ തുടങ്ങിയ പരാതികള്‍ പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു. അതോടൊപ്പം സര്‍ക്കാസം രൂപത്തിലുള്ള പോസ്റ്റുകളും വൈറലായി.

‘മറക്കാനാകാത്ത തിയേറ്റര്‍ അനുഭവത്തിന്റെ രണ്ട് വര്‍ഷങ്ങള്‍, ചിയാന്‍ വിക്രമിന്റെ എന്‍ട്രി വേറെ ലെവല്‍’, ‘ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നാം ഭാഗം, രണ്ടാം ഭാഗം പെട്ടെന്ന് റിലീസ് ചെയ്യണം’ എന്നിങ്ങനെ പരിഹാസരൂപത്തിലുള്ള പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഗൗതം മേനോന്‍.

സൂര്യയെ നായകനാക്കി 2013ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് ചിയാനിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ധ്രുവ നച്ചത്തിരത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഇടക്ക് ഷൂട്ടിങ് നിന്നുപോയ ചിത്രം 2021ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. നായികമാരെയടക്കം മാറ്റി റീ ഷൂട്ട് ചെയ്ത ചിത്രം വൈകാതെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Content Highlight: 2 year anniversary of Dhruva Natchathiram celebrated in social media

We use cookies to give you the best possible experience. Learn more