ടെഹ്‌റാഡൂൺ: ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രങ്ങളിലൂടെയുള്ള ചർ ധം യാത്രയ്ക്ക് മുന്നോടിയായി അഹിന്ദുക്കൾക്കുള്ള പ്രവേശനം നിരോധിക്കാനൊരുങ്ങി ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റികൾ.
‘ഇതൊരു ഹിന്ദു തീർത്ഥാടന കേന്ദ്രമാണ്, വിനോദ സഞ്ചാര കേന്ദ്രമല്ല. ഇവിടെ ഹിന്ദു മതവിശ്വാസികൾ മാത്രം വന്നാൽ മതി’ ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി പറഞ്ഞു.
ഈ തീരുമാനം ഔദ്യോധികമായി അംഗീകരിക്കുന്നതിനുവേണ്ടി ബോർഡ് യോഗം നടത്തുമെന്നും അഹിന്ദുക്കൾക്കുള്ള പ്രവേശനം നിരോധിക്കുന്നത് ചർച്ചാവിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിദ്വാർ മുൻസിപ്പൽ ആക്ട് 1916 നിരോധനം ശരിവെയ്ക്കുന്നുണ്ട്. ഉത്തരാഖണ്ഡ് സർക്കാർ ഈ നിയമത്തെ പുനസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സൂചന നൽകിയിരുന്നു. ഹിന്ദു മത പുരോഹിതന്മാരുടെയും ക്ഷേത്ര കമ്മിറ്റികളുടെയും അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹർ കി പൗരി ക്ഷേത്രത്തെ നിയന്ത്രിക്കുന്ന ശ്രീ ഗംഗ സഭയുടെ പ്രസിഡന്റ് നിതിൻ ഗൗതം അഹിന്ദു പ്രവേശനനിരോധനം പുതിയൊരു ആവശ്യമല്ലെന്നും നിലനിൽക്കുന്ന നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു.
തങ്ങൾക്ക് എല്ലാ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽനിന്നും അഹിന്ദുക്കളെ നിരോധിക്കണമെന്നും അത് ഹർ കി പൗരിയിൽ തുടങ്ങി സംസ്ഥാനത്തെ 47 പ്രധാന ക്ഷേത്രങ്ങളിലേക്കും വ്യാപിക്കുമെന്നും നിതിൻ ഗൗതം പറഞ്ഞു.
തീർത്ഥാടനത്തിന്റെ മറവിൽ അഹിന്ദുക്കളായവർ പുണ്യ സ്ഥലങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും ഗൗതം ആരോപിച്ചു.
Content Highlight:2 more major shrines in U’khand seek to restrict entry of non-Hindus