| Sunday, 31st December 2017, 10:50 pm

പശുവിനെ കൊന്നെന്നാരോപിച്ച് യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജയിലിലടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫര്‍നഗര്‍: പശുവിനെ കൊന്നെന്ന കുറ്റം ചുമത്തി യു.പിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് കോടതിയില്‍ ബോധിപ്പിച്ചതാണ് പൊലീസ് കുട്ടികളെ ജുവനൈല്‍ ഹോമിലാക്കുന്നതിന് പകരം ജയിലിലേക്കയച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വെള്ളിയാഴ്ച രാവിലെ മുസാഫര്‍നഗറിലെ ഖട്ടൗലി ജില്ലയിലാണ് സംഭവം. 10 ക്വിന്റല്‍ ഇറച്ചിയും കശാപ്പ് ഉപകരണങ്ങളും ഒളിപ്പിച്ചു കടത്തിയെന്നാരോപിച്ച് കുട്ടികളുള്‍പ്പെടെ ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയെ ഉള്‍പ്പെടെയുള്ളവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജില്ലാകോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കുന്നതിന് പകരം ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയെന്നു പറഞ്ഞായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ അറസ്റ്റിലായ പെണ്‍കുട്ടികളുടെ ആധാര്‍ കാര്‍ഡ് പ്രകാരം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, യാഥാക്രമം 2005, 2001 എന്നിങ്ങനെയാണ് ഇവരുടെ ജനന വര്‍ഷമെന്നും ദേശീയ മാധ്യമമായ “ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജുവനൈല്‍ ജസ്റ്റിസ് ചട്ടപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവരെ കൈവിലങ്ങ് വെയ്ക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഉത്തര്‍പ്രദേശ് പൊലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

അറസ്റ്റ് ചെയ്തവരില്‍ പെണ്‍കുട്ടികള്‍ കൂടാതെ മൂന്നു പേര്‍ സ്ത്രീകളാണ്. പശു കശാപ്പിന്റെ പേരില്‍ യുപിയില്‍ നടന്ന പുതിയ നടപടി വന്‍ വിവാദമായിരിക്കുകയാണ്. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്തവരുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വന്‍ പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പോലീസ്. പെണ്‍കുട്ടികളുടെ പിതാവ് നസിമൂദ്ദീനാണ് പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്നത്.

We use cookies to give you the best possible experience. Learn more