കണ്ണൂർ: വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള നടപടിയിൽ സംശയാസ്പദമായ ഇടപെടൽ നടന്നെന്ന ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.
അസ്വാഭാവികവും ദുരൂഹവുമായ ഇടപെടലാണ് നടന്നതെന്ന് കെ.കെ.രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വോട്ടുചേർക്കാനായുള്ള രജിസ്റ്റേഡ് മൊബൈൽ നമ്പറിൽ ഉടമ അറിയാതെ ഇതര സംസ്ഥാനങ്ങളിലെ വോട്ടർമാരെ ചേർത്തതായി തെളിവ് സഹിതം അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായ വോട്ടുചേർക്കൽ നടപടിയിൽ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.എൽ.ഒമാർക്കും,ബി.എൽ.എമാർക്കും ഇതിനെകുറിച്ച് വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ.
മൊബൈൽ ഫോണിൽ ഒ.ടി.പി വഴിയാണ് വോട്ടുചേർക്കുന്നതെന്നും സാധാരണ ഗതിയിൽ ഇതിൽ കൃത്രിമം നടക്കണമെങ്കിൽ സെർവർ കൈകാര്യം ചെയ്യുന്നവരുടെ ഇടപെടലിലൂടെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെർവർ കൈകാര്യം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാൽ കൃത്രിമം കാട്ടിയത് അവരാണെന്ന് ഈ ഘട്ടത്തിൽ താൻ ആക്ഷേപം ഉന്നയിക്കുന്നില്ലെന്നും കെ.കെ.രാഗേഷ് കൂട്ടിച്ചേർത്തു.
‘ഇക്കാര്യത്തിൽ ചില സൂചനകളുണ്ട്. ഇപ്പോൾ അത് വെളിപ്പെടുത്തുന്നില്ല. ഇടതുപക്ഷം ശക്തമായ മത്സരം നടത്തുന്ന മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ട് ചേർക്കാൻ ശ്രമിച്ചത്. അസാധാരണമായ ഇടപെടൽ ജില്ലാ, സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്നോ മറ്റു സ്ഥലങ്ങളിൽനിന്നോ ആളുകളെ കൊണ്ടുവന്ന് കൂട്ടത്തോടെ വോട്ടുചേർക്കാനു ള്ള ശ്രമമാണോ നടന്നതെന്നടക്കമുള്ള കാര്യങ്ങളെല്ലാം പരിശോധിക്കണം,’ കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ 204, 207 ബൂത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ മൊബൈൽ ഫോണിൽ ഒ.ടി.പി നൽകി ചേർത്ത വോട്ട് വെരിഫൈ ചെയ്തപ്പോൾ അവർ ചേർക്കാത്ത മൂന്നുവോട്ടുകൾ ചേർത്തതായി കണ്ടെത്തി.
ഒരു നമ്പറിൽ ആറുവോട്ടുകൾവരെ ചേർക്കാം. ഇത്തരത്തിൽ രണ്ടു ഫോൺ നമ്പറുകളിലായാണ് മൂന്ന് ഇതര സംസ്ഥാന വോട്ടുകൾ ചേർത്തതായി സ്‌റ്റാറ്റസിൽ കണ്ടെത്തിയത്. ഫോം വഴി ചേർത്ത വോട്ടുകളാണിത്.
കംലാലാനി ജെന ഒഡിഷ, പിങ്കി കുമാരി ബിഹാർ ബഗുസരായി, കെ വാസന്തി തമിഴ്‌നാട് മാടാവരം എന്നീ വോട്ടുകളാണ് അനധി കൃതമായി ചേർത്തത്.
ജില്ലയിൽ 2.19.239 പുതിയ വോട്ട് അപേക്ഷകളാണ് വന്നിട്ടുള്ളത്. ഇത്തരത്തിൽ കൂട്ടത്തോടെ അപേക്ഷ ഉയരേണ്ട സാഹച ര്യമില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടപ്പോഴാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പ് വന്നത്. ജില്ലയിൽ മൊത്തം 90,083 വോട്ടു കൾ മാത്രമാണ് അന്ന് കൂടിയത്.
എന്നാൽ പാർലമെന്റ തെരഞ്ഞടുപ്പ് കഴിഞ്ഞ് ഒന്നരവർഷത്തിനുശേഷം ജില്ലയിൽ പുതിയ വോട്ടർ അപേക്ഷ 2.19 ലക്ഷമായി വർധിച്ചത് ദുരൂഹമാണ്. ഇതിൽ 99.790 വോട്ടുകളാണ് കൂട്ടിച്ചേർത്തത് ഗൗരവമായ അന്വേഷണം വേണമെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി.
Content Highlight: 2 lakh new votes in Kannur district alone; CPI(M) makes serious allegations