| Wednesday, 19th November 2025, 12:53 pm

1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗാസിയബാദിലെ ബസ് ബോംബ് സ്ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതി മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി.

ജസ്റ്റിസുമാരായ സിദ്ധാര്‍ഥ്, റാം മനോഹര്‍ നാരായണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇല്യാസിനെ കുറ്റവിമുക്തനാക്കിയത്. 1996ല്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുണ്ടായ സ്ഫോടനത്തില്‍ മുഹമ്മദ് ഇല്യാസിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഇല്യാസ് നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഹരജി ഫയല്‍ ചെയ്ത് 12 വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത്.

പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും ഇന്ത്യന്‍ തെളിവ് നിയമപ്രകാരം പൊലീസ് രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇല്യാസിനെ എത്രയും വേഗം മോചിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇല്യാസ് നിലവില്‍ ജയിലിലാണ്. അതേസമയം പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് ബോംബ് സ്ഥാപിച്ചതെന്ന് ഇല്യാസ് സമ്മതിച്ചുവെന്നാണ് പൊലീസിന്റെ വാദം.

പഞ്ചാബിലെ മുസഫര്‍നഗര്‍ സ്വദേശിയായ ഇല്യാസ് 1997 ജൂണിലാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ ചില സംഘടനകള്‍ സ്‌ഫോടനം നടത്താന്‍ ഇല്യാസിനെ പ്രേരിപ്പിച്ചതായും ബോംബ് സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ തസ്‌ലീമിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തസ്‌ലീമിന്റെ സഹോദരന്‍ സലിം കരി ഗാസിയാബാദ് കേസിലെ പ്രതികളെ വര്‍ഗീയ ആശയങ്ങള്‍ പഠിപ്പിച്ചുവെന്നും അക്രമത്തിന് പ്രേരണ നല്‍കിയെന്നുമായിരുന്നു കേസ്.

എന്നാല്‍ ഇല്യാസിനെയും പാക് പൗരനായ അബ്ദുള്‍ മതീനേയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും സ്‌ഫോടകവസ്തു നിയമവും അനുസരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു. 2013ലാണ് വിചാരണ കോടതി ഇല്യാസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

1996 ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ബസ് യു.പിയിലെ ഗാസിയാബാദിലെ മോദിനഗറില്‍ വെച്ച് വൈകീട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസ് ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിന് താഴെ സ്ഥാപിച്ച ആര്‍.ഡി.എക്‌സ് റിമോട്ട് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Content Highlight: 1996 Ghaziabad blast case; Mohammad Ilyas acquitted after 29 years

We use cookies to give you the best possible experience. Learn more