| Thursday, 24th September 2026, 7:24 am

ശ്രീശാന്തിന്റെ കൈകളിലേക്ക് നൂറ് കോടി ഇന്ത്യക്കാരുടെ സ്വപ്‌നം പറന്നിറങ്ങിയ നിമിഷം; ചരിത്രമെഴുതിയ വിജയത്തിന് 19 വയസ്

ആദർശ് എം.കെ.

ഇന്ത്യയുടെ ആദ്യ ടി-20 ലോകകപ്പ് വിജയത്തിന് ഇന്ന് 19 വയസ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. സൗത്ത് ആഫ്രിക്കയിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മിസ്ബ ഉള്‍ ഹഖിന്റെ ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ നൂറ് കോടി ഇന്ത്യക്കാര്‍ കാത്തിരുന്ന സ്വപ്‌നനേട്ടം കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്.

കിരീടവുമായി ഇന്ത്യ. Photo: BCCI

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോറിലെത്തിയത്.

54 പന്ത് നേരിട്ട് 75 റണ്‍സുമായാണ് ഗംഭീര്‍ മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്‌സറുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

അന്ന് യുവതാരമായിരുന്ന രോഹിത് ശര്‍മയാണ് റണ്‍വേട്ടയിലെ രണ്ടാമന്‍. ആറാം നമ്പറിലിറങ്ങി 16 പന്ത് നേരിട്ട് ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 30 റണ്‍സാണ് താരം സ്വന്തമാക്കിയത്.

രോഹിത് ശര്‍മ

യൂസുഫ് പത്താന്‍ (എട്ട് പന്തില്‍ 15), യുവരാജ് സിങ് (19 പന്തില്‍ 14) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പാകിസ്ഥാനായി ഉമര്‍ ഗുല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സൊഹൈല്‍ തന്‍വീറും മുഹമ്മദ് ആസിഫും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന് തുടക്കം തന്നെ പാളിയിരുന്നു. പാക് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഹഫീസിനെ മടക്കി രുദ്ര പ്രതാപ് സിങ് എന്ന ആര്‍.പി സിങ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി. മൂന്ന് പന്തില്‍ ഒരു റണ്ണാണ് ഹഫീസിന് നേടാനായത്.

വണ്‍ ഡൗണായി കളത്തിലെത്തിയ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ ഒരറ്റത്ത് നിര്‍ത്തി ഇമ്രാന്‍ നസീര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചു. ആര്‍.പി. സിങ് ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിച്ചപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ കമ്രാന്‍ അക്മലും പുറത്തായി.

കമ്രാൻ അക്മലിനെ പുറത്താക്കിയ ആർ.പി സിങ്ങിന്റെ ആ​​ഹ്ലാദം

പരിചയസമ്പന്നനായ യൂനിസ് ഖാനാണ് ശേഷം ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിയെങ്കിലും അധികനേരം വെച്ചുനീട്ടാതെ ഇമ്രാന്‍ നസീറിനെ പുറത്താക്കി ഇന്ത്യ ബ്രേക്ക്ത്രൂ നേടി. 14 പന്തില്‍ 33 റണ്‍സുമായി തകര്‍ത്തടിച്ചുകൊണ്ടിരിക്കവെ റണ്‍ഔട്ടായാണ് പാക് ഓപ്പണര്‍ മടങ്ങിയത്.

യൂനിസ് ഖാന്‍ 24 പന്തില്‍ 24 റണ്‍സും ക്യാപ്റ്റന്‍ ഷോയ്ബ് മാലിക് 17 പന്തില്‍ എട്ട് റണ്‍സും നേടി മടങ്ങി. അപകടകാരിയായ ഷാഹിദ് അഫ്രിദിയെ ശ്രീശാന്ത് ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ ഇന്ത്യന്‍ ഡഗ്ഔട്ടില്‍ നീണ്ട ദീര്‍ഘനിശ്വാസവും ഉയര്‍ന്നു.

എന്നാല്‍ മിസ്ബ ഉള്‍ ഹഖ് പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. യാസിര്‍ അറാഫത്ത് (11 പന്തില്‍ 15), സൊഹൈല്‍ തന്‍വീര്‍ (നാല് പന്തില്‍ 12) എന്നിവരെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

മിസ്ബ ഉള്‍ ഹഖ്

19ാം ഓവറിലെ അവസാന പന്തില്‍ ഉമര്‍ ഗുല്ലിനെ ആര്‍.പി. സിങ് സില്‍വര്‍ ഡക്കാക്കി മടക്കിയതോടെ ഒരു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്.

അത്രകണ്ട് പരിചയസമ്പന്നനല്ലാത്ത ജോഗീന്ദര്‍ ശര്‍മയെയാണ് ക്യാപ്റ്റന്‍ ധോണി പന്തേല്‍പ്പിച്ചത്. ലോകകപ്പ് ഫൈനല്‍, എതിരാളികള്‍ പാകിസ്ഥാന്‍, അവസാന ഓവര്‍, ഡിഫന്‍ഡ് ചെയ്യേണ്ടത് 13 റണ്‍സ്, വിജയിക്കാന്‍ വേണ്ടത് വെറും ഒറ്റ വിക്കറ്റ്, സമ്മര്‍ദം ജോഗീന്ദര്‍ ശര്‍മയെ കീഴടക്കി.

ആദ്യ ഡെലിവെറി തന്നെ വമ്പനൊരു വൈഡ്. ലക്ഷ്യം ആറ് പന്തില്‍ 12. ഓവറിലെ ആദ്യ ലീഗല്‍ ഡെലിവെറി ഡോട്ടാക്കിയെങ്കിലും ഫുള്‍ടോസായി ലഭിച്ച രണ്ടാം പന്തിനെ മിസ്ബ ഉള്‍ഹഖ് ഒരു ദയവും കൂടാതെ ഗ്യാലറിയിലേക്ക് അടിച്ചുപറത്തി. പാകിസ്ഥാന് വിജയിക്കാന്‍ നാല് പന്തില്‍ വെറും ആറ് റണ്‍സ്.

ഓവറിലെ മൂന്നാം പന്തില്‍ വീണ്ടും സിക്‌സറിന് ശ്രമിച്ച മിസ്ബ ഉള്‍ ഹഖിന് പിഴച്ചു. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലൂടെ സ്‌കൂപ്പ് ചെയ്ത് സിക്‌സര്‍ കണ്ടെത്താനുള്ള ശ്രമം പാളി. ഫീല്‍ഡ് ചെയ്ത ശ്രീശാന്ത് പിഴവേതുമെല്ലാതെ ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയതോടെ ഇന്ത്യ ലോകത്തിന്റെ നെറുകിലേക്ക്.

ജോഗീന്ദര്‍ ശര്‍മ

നാല് സിക്‌സറിന്റെ അകമ്പടിയോടെ 38 പന്തില്‍ 43 റണ്‍സുമായാണ് മിസ്ബ ഉള്‍ ഹഖ് എല്ലാ നിരാശയും പേറി കളം വിട്ടത്.

ഇന്ത്യയ്ക്കായി ഇര്‍ഫാന്‍ പത്താനും ആര്‍.പി. സിങ്ങും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ജോഗീന്ദര്‍ ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ശ്രീശാന്ത് ഒരു പാക് താരത്തെയും മടക്കി.

ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ പരാജയപ്പെട്ടെങ്കിലും, തൊട്ടടുത്ത ലോകകപ്പില്‍ പാകിസ്ഥാന്‍ കിരീടം നേടി. ശേഷം പാകിസ്ഥാന് ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല.

എന്നാല്‍ 2007ലെ ആദ്യ കിരീടത്തിന് ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2024ല്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ കിരീടം തിരിച്ചുപിടിച്ചു. 2026ല്‍ കിരീടനേട്ടം ആവര്‍ത്തിച്ച ഇന്ത്യ, ലോകകപ്പ് നിലനിര്‍ത്തിയ ആദ്യ ടീമായും ചരിത്രമെഴുതിയിരുന്നു.

Content highlight: 19 Years of India’s 2007 T20 World Cup

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more